Asianet News MalayalamAsianet News Malayalam

'കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ്'; മേപ്പടിയാന്‍റെ വിജയത്തിന് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ ചിത്രം

unni mukundan thanks audience for mappadiyan success vishnu mohan umf
Author
Thiruvananthapuram, First Published Jan 16, 2022, 10:48 AM IST

ഉണ്ണി മുകുന്ദന്‍ (Unni Mukundan) എന്ന നടനെ സംബന്ധിച്ച് കരിയറില്‍ പല പ്രത്യേകതകളുമുള്ള ചിത്രമാണ് മേപ്പടിയാന്‍ (Meppadiyan). സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ആദ്യ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദന്‍റെ ഒരു സോളോ ഹീറോ ചിത്രം എത്തുന്നത് എന്നത് മറ്റൊരു കാര്യം. ഇപ്പോഴിതാ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം നേടിയ മികച്ച പ്രതികരണത്തില്‍ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. എന്തൊക്കെ കാരണങ്ങളാല്‍ മേപ്പടിയാന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാവുന്നുവെന്ന് ഉണ്ണി പറയുന്നു.

ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്

"ഒരിക്കലും 'മറ്റൊരു ചിത്രം' അല്ല എനിക്ക് മേപ്പടിയാന്‍. എന്നെ വെല്ലുവിളിച്ച ചിത്രമാണ് ഇത്. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയും ചെയ്‍തു. ഈ പ്രോജക്റ്റിനുവേണ്ടി ഞാന്‍ നല്‍കിയ ഓരോ സെക്കന്‍ഡും അത് അര്‍ഹിക്കുന്നതായിരുന്നു എന്നു പറയാന്‍ അഭിമാനമുണ്ട്. മേപ്പടിയാന്‍ കണ്ട്, എന്‍റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് നല്‍കിയ എല്ലാവര്‍ക്കും നന്ദി. ഇനി കാണാനുള്ളവര്‍ കാണുക. മനക്കരുത്തിനെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചുമാണ് മേപ്പടിയാന്‍. 'ജയകൃഷ്‍ണനാ'വാന്‍ വിഷ്‍ണു മോഹന്‍ എന്ന യുവ രചയിതാവിലും സംവിധായകനിലും പ്രതീക്ഷയര്‍പ്പിച്ചതും, പിന്നീട് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് എത്തിയതും, നിലവിലെ പശ്ചാത്തലത്തിലും വാഗ്‍ദാനം ചെയ്‍തിരുന്നതുപോലെ ചിത്രം തിയറ്ററുകളില്‍ എത്തിച്ചതുമൊക്കെ എക്കാലവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കും. ഈ സ്നേഹത്തിന് നന്ദി. മേപ്പടിയാന്‍ ഇഷ്‍ടപ്പെട്ട്, സോഷ്യല്‍ മീഡിയയില്‍ പ്രശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി. എല്ലാ മെസേജുകള്‍ക്കും കോളുകള്‍ക്കും നന്ദി. ഇതായിരുന്നു ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്, ഇതിനുവേണ്ടിയായിരുന്നു ഞാന്‍ എപ്പോഴും പരിശ്രമിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ എന്‍റെ സംഘാംഗങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി".

ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്നും വേറിട്ട കഥാപാത്രമാണ് മേപ്പടിയാനിലെ ജയകൃഷ്‍ണന്‍. കഥാപാത്രത്തിനായി ശാരീരികമായ മേക്കോവറും നടത്തിയിരുന്നു ഉണ്ണി. അഞ്ജു കുര്യന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

Follow Us:
Download App:
  • android
  • ios