വിനായകന്‍ നായകനായ 'തൊട്ടപ്പന്' ചില തീയേറ്ററുകളില്‍ ബഹിഷ്‌കരണം നേരിടുന്നുവെന്ന ആരോപണം ശരിവച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എസ് റഫീഖ് രംഗത്ത്. പത്തനംതിട്ട ഉള്‍പ്പെടെയുള്ള ചില കേന്ദ്രങ്ങളില്‍ 'തൊട്ടപ്പന്‍' കാണാനെത്തുന്നവരെ തീയേറ്ററുകാര്‍ ഇടപെട്ട് മറ്റ് സിനിമയ്ക്ക് കയറ്റുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനെ ശരിവെക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി എസ് റഫീഖ്. കൊടുങ്ങല്ലൂരിലെ തീയേറ്ററിലും സമാനസാഹചര്യമുണ്ടായെന്നും ആവശ്യത്തിന് പ്രേക്ഷകരില്ലെന്ന് ആദ്യം പറഞ്ഞവര്‍ ആളെത്തിയപ്പോള്‍ പ്രൊജക്ടര്‍ പണിമുടക്കിയെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നുവെന്നും റഫീഖ് പറയുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെയോ നിറത്തിന്റെയോ പേരില്‍ അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തുതോല്‍പ്പിക്കേണ്ടതാണെന്നും കുറിയ്ക്കുന്നു റഫീഖ്. 

പി എസ് റഫീഖ് പറയുന്നു

പ്രിയ സുഹൃത്തുക്കളേ, ഇതൊരഭ്യര്‍ത്ഥനയാണ്. തൊട്ടപ്പന്‍ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററില്‍ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോള്‍ പ്രൊജക്റ്റര്‍ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേള്‍ക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാന്‍ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..

നേരത്തേ പത്തനംതിട്ടയിലെ ഒരു തീയേറ്ററില്‍ തൊട്ടപ്പന്‍ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം കമല എന്ന പ്രേക്ഷക ഫേസ്ബുക്കില്‍ എഴുതിയിരുന്നു. അത് ഇങ്ങനെയായിരുന്നു..

വിനായകന്‍ അനൗണ്‍സ്‌മെന്റുകളില്ലാതെ ബാന്‍ഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം ഇന്ന് എനിക്ക് ഉണ്ടായി. ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പന്‍ കാണാന്‍ online ബുക്ക് ചെയ്യുന്നു. സാധാരണ ഒരു സിനിമ ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ 5 മിനിറ്റിനുള്ളില്‍ റിസീവിഡ് മെസ്സേജ് വരും. ഇത്തവണ അതുണ്ടായില്ല. Net Problem എന്നേ കരുതിയുള്ളൂ. ഇന്ന് ഞങ്ങള്‍ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാന്‍ അവിടെ ചെന്നപ്പോള്‍ കളം വ്യക്തം. ആളില്ലെന്ന് കാരണം പറഞ്ഞ് തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു.
ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചില്‍ഡ്രന്‍സ്, തമാശ ഇതില്‍ ഏതാ കാണേണ്ടതെന്ന് ചോദിച്ചു. തൊട്ടപ്പന്‍ മതീന്ന് പറഞ്ഞപ്പോള്‍ അതിന് ആളില്ലാന്ന്. തൊട്ടപ്പിനിലെങ്കില്‍ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??

നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോള്‍ അത് സാദാ പ്രേക്ഷകന്‍ന്ന് കരുതിയ നമുക്ക് തെറ്റി. തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പന്‍മാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..?? മറ്റ് സമുദായത്തിലുള്ള ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല 'മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്. ദളിതനായ വിനയകനെ വച്ച് ഇനി ഒരു പടം ചെയ്താല്‍ സിനിമയെ മൊത്തത്തില്‍ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ.. തീയേറ്ററുകാരന്‍ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോള്‍ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല. സംഗതികളുടെ പോക്ക് മനസ്സിലായല്ലോ. പത്തനംതിട്ടേലെ അവസ്ഥ ഇതാ. മറ്റുള്ള ജില്ലകളിലെന്താണോ ആവോ...?