ഒരു സ്‍പോര്‍ട്‍സ് ഡ്രാമയില്‍ രാം ചരണ്‍ നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

'ആര്‍ആര്‍ആര്‍' എന്ന സിനിമയോടെ രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് രാം ചരണ്‍. രാം ചരണിനെ നായകനാക്കി പല സിനിമകളുടെയും ആലോചനകള്‍ നടക്കുന്നുണ്ട്. രാം ചരണിന്റെ സിനിമാ വിശേഷങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയുമാണ്. രാം ചരണ്‍ നായകനാകുന്ന പുതിയൊരു സിനിമയ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

'ഉപ്പേന' എന്ന ചിത്രത്തിന്റെ സംവിധായകൻ ബുചി ബാബുവും രാം ചരണും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ലോക്കല്‍ സ്‍പോര്‍ട്‍സ് ഡ്രാമയായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഒരു പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. എന്നാല്‍ ശാരീരിക വൈകല്യമുള്ള സ്‍പോര്‍ട്സ്‍താരമായി രാം ചരണ്‍ വലിയ മേയ്‍ക്കോവറിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്ന് റിപ്പോര്‍ട്ട് വരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സംക്രാന്തിക്ക് ശേഷം ചിത്രത്തിന്റെ പ്രിൻസിപ്പല്‍ ഫോട്ടോഗ്രാഫി നടക്കും. 2023 അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനുമാണ് ആലോചന.

ബുച്ചി ബാബു ആദ്യമായി സംവിധാന ചെയ്‍ത് ഉപ്പേന 2021 ഫെബ്രുവരിയിലാണ് റിലീസ് ചെയ്‍തത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകൻ പഞ്‍ജ വൈഷ്‍ണവ് തേജായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ക്രിതി ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

എസ് ഷങ്കറിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ തിരക്കിലാണ് രാം ചരണ്‍ ഇപ്പോള്‍. 'ആര്‍സി 15' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനായി രാം ചരണ്‍ അടുത്തിടെ ന്യൂസിലാൻഡിലേക്ക് പോയിരുന്നു.തിരു ആര്‍ രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാം ചരണിനു പുറമേ കിയാര അദ്വാനി, അഞ്‍ജലി, ജയറാം, സുനില്‍, നവീൻ ചന്ദ്ര, എസ് ജെ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

Read More: നടൻ നിരഞ്‍ജ് മണിയൻപിള്ള രാജു വിവാഹിതനാകുന്നു