മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച കങ്കണ റണൌട്ടിന്‍റെ പരാമര്‍ശങ്ങള്‍ക്ക് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മ്മിള മണ്ഡോത്കര്‍. അനാവശ്യമായി ഇരവാദമാണ് കങ്കണ മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയെന്ന നിലയിലും സഹതാപം സൃഷ്ടിക്കാന്‍ കങ്കണ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള ആരോപിക്കുന്നു. ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു ഊര്‍മ്മിള.

രാജ്യം മുഴുവന്‍ മയക്കുമരുന്ന് എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കങ്കണയുടെ ജന്മനാടായ ഹിമാചലാണ് ഈ ലഹരിമരുന്നുകളുടെ ഉത്ഭവ സ്ഥാനമെന്ന് അവര്‍ക്കറിയില്ലേ? സ്വന്തം സംസ്ഥാനത്ത് നിന്നായിരിക്കണം കങ്കണയുടെ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നതെന്നും ഊര്‍മ്മിള പറയുന്നു. നികുതി ദായകരുടെ പണമുപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ ലഭിച്ച കങ്കണ എന്തുകൊണ്ട് ഇത്തരം ലഹരി ചങ്ങലയെക്കുറിച്ചുള്ള വിവിരം പൊലീസിന് നല്‍കുന്നില്ലെന്നും ഊര്‍മ്മിള ചോദിക്കുന്നു. മുംബൈയ്ക്കെതിരായ കങ്കണയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും രൂക്ഷമായാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.

മുംബൈ എല്ലാവരുടേയും സ്വന്തമാണ്. അതിലൊരു സംശവുമില്ല. ഈ നഗരത്തെ സ്നേഹിച്ചവര്‍ക്ക് ആ സ്നേഹം തിരികെ കിട്ടിയിട്ടുമുണ്ട്.  അങ്ങനെയുള്ള മുംബൈയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നഗരത്തെ മാത്രമല്ല അവിടെയുള്ള ജനങ്ങളെ അപമാനിക്കാന്‍ കൂടിയാണെന്നും ഊര്‍മ്മിള പറയുന്നു. ഒരാള്‍ തുടര്‍ച്ചയായി ഒച്ച വച്ചുകൊണ്ടിരുന്നാല്‍ അതിനര്‍ത്ഥം അവര്‍ പറയുന്നത് ശരിയാണ് എന്നല്ല. ചില ആളുകള്‍ക്ക് എല്ലാ സമയവും ഇരവാദവും സ്ത്രീ എന്ന പരിഗണനയുടേയും കാര്‍ഡുകള്‍ ഇറക്കാന് ശ്രദ്ധയെന്നും ഊര്‍മ്മിള പറയുന്നു. സംസ്കാരമുള്ള ഒരാളും ജയാബച്ചനെപ്പോലുള്ള ഒരാള്‍ക്കെതിരെ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്നും ഊര്‍മ്മിള കൂട്ടിച്ചേര്‍ക്കുന്നു. കങ്കണയുടെ പാലി ഹില്‍സിലെ ഓഫീസ് മുംബൈ ക്ര‍പ്പറേഷന്‍ പൊളിച്ചതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും ഊര്‍മ്മിള വ്യക്തമാക്കി.

നേരത്തെ തനിക്കെതിരായ ലഹരിമരുന്ന് ആരോപണങ്ങളേക്കുറിച്ച് കങ്കണ രൂക്ഷമായി പ്രതികരിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുള്ള വൈദ്യപരിശോധനയ്ക്കും ഫോണ്‍ കോള്‍ പരിശോധന നടത്തുന്നതിനും തയ്യാറാണെന്നും വ്യക്തമാക്കിയ കങ്കണ മയക്കുമരുന്ന് മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ എന്നന്നേക്കുമായി മുംബൈ വിടുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം തന്നോട് മയക്കുമരുന്ന് ഉപയോഗിക്കാന്‍ കങ്കണ ആവശ്യപ്പെട്ടിരുന്നുവെന്ന കങ്കണയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ വ്യക്തമാക്കിയതിന് പിന്നാലെ  മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.