മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അധിക്ഷേപത്തില്‍ തനിക്ക് പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കർ. ഊര്‍മിളയെ 'സോഫ്റ്റ് പോണ്‍സ്റ്റാര്‍' എന്ന് കങ്കണ വിളിച്ചിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പരാമർശം. ഇതിന് പിന്നാലെ ഊര്‍മിളയ്ക്ക് പിന്തുണയുമായി ബോളിവുഡില്‍ നിന്നും നിരവധി പേർ രം​ഗത്തെത്തി. അവര്‍ക്കുള്ള നന്ദിയാണ് ട്വിറ്ററിലൂടെ ഊര്‍മിള അറിയിച്ചത്.

"എന്റെ കൂടെ നിന്നതിന് 'ഇന്ത്യയിലെ യഥാർത്ഥ ആളുകൾ'ക്കും പക്ഷപാതമില്ലാത്ത, മാന്യമായ മാധ്യമങ്ങൾക്കും നന്ദി. ട്രോളുകള്‍ക്കും പ്രചാരങ്ങള്‍ക്കുമെതിരെയുള്ള നിങ്ങളുടെ വിജയമാണിത്" ഊര്‍മിള ട്വിറ്ററില്‍ കുറിച്ചു.

ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നുമായിരുന്നു കങ്കണ പറഞ്ഞിരുന്നത്. ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ തുടങ്ങിയവര്‍ ഊര്‍മിളയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.

ഊര്‍മിളയുടെ ഉജ്ജ്വല പ്രകടനവും ഡാന്‍സും താന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നായിരുന്നു അനുഭവ് സിന്‍ഹയുടെ പ്രതികരണം. 

Read Also: 'അവർ സോഫ്റ്റ്‌ പോണ്‍ സ്റ്റാര്‍'; ഊര്‍മ്മിള മണ്ഡോത്കറിനെ അധിക്ഷേപിച്ച് കങ്കണ

നേരത്തെ കങ്കണ മുംബൈയ്‌ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഊര്‍മിള രംഗത്തുവന്നിരുന്നു. അനാവശ്യമായി ഇരവാദമാണ് കങ്കണ മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയെന്ന നിലയിലും സഹതാപം സൃഷ്ടിക്കാന്‍ കങ്കണ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള ആരോപിച്ചു. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്.