മുംബൈ: കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കറിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടി കങ്കണ റണൗട്ട്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നും കങ്കണ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ഊർമിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകർ രംഗത്തുവന്നു. 

''ഊർമിള ഒരു സോഫ്ട് പോൺസ്റ്റാർ. അല്ലാതെ അവർ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ''എന്നായിരുന്നു കങ്കണയുടെ പരാമർശം. കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു. ഊര്‍മിളയുടെ ഉജ്ജ്വല പ്രകടനവും ഡാന്‍സും താന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം. 

നേരത്തെ കങ്കണ മുംബൈയ്‌ക്കെതിരെയും ബോളിവുഡിനെതിരെയും നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ഊര്‍മിള രംഗത്തുവന്നിരുന്നു. അനാവശ്യമായി ഇരവാദമാണ് കങ്കണ മുന്നോട്ട് വയ്ക്കുന്നതെന്നും സ്ത്രീയെന്ന നിലയിലും സഹതാപം സൃഷ്ടിക്കാന്‍ കങ്കണ ശ്രമിക്കുകയാണെന്നും ഊര്‍മ്മിള ആരോപിച്ചു. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്. 

രാജ്യം മുഴുവന്‍ മയക്കുമരുന്ന് എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കങ്കണയുടെ ജന്മനാടായ ഹിമാചലാണ് ഈ ലഹരിമരുന്നുകളുടെ ഉത്ഭവ സ്ഥാനമെന്ന് അവര്‍ക്കറിയില്ലേ? സ്വന്തം സംസ്ഥാനത്ത് നിന്നായിരിക്കണം കങ്കണയുടെ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നതെന്നും ഊര്‍മ്മിള പറയുന്നു. നികുതി ദായകരുടെ പണമുപയോഗിച്ച് വൈ കാറ്റഗറി സുരക്ഷ ലഭിച്ച കങ്കണ എന്തുകൊണ്ട് ഇത്തരം ലഹരി ചങ്ങലയെക്കുറിച്ചുള്ള വിവിരം പൊലീസിന് നല്‍കുന്നില്ലെന്നും ഊര്‍മ്മിള ചോദിക്കുന്നു. മുംബൈയ്ക്കെതിരായ കങ്കണയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും രൂക്ഷമായി കങ്കണ പ്രതികരിച്ചിരുന്നു.

Read Also: 'ലഹരിമരുന്നിന്‍റെ ഉത്ഭവം അവരുടെ ജന്മനാട്'; കങ്കണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഊര്‍മ്മിള മണ്ഡോത്കര്‍