സഫർ സനൽ സംവിധാനം ചെയ്ത ഡാർക്ക് സസ്പെൻസ് ത്രില്ലർ ചിത്രമായ 'ആശ' മികച്ച പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരത്തിലേക്ക്

പ്രായഭേദമന്യെ ഏവരുടേയും പ്രിയം നേടി തിയേറ്ററുകളിൽ 'ആശ'യുടെ വിജയ കുതിപ്പ് രണ്ടാം വാരത്തിലേക്ക്. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും ഇന്‍റർനാഷണൽ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ആയതിനാൽ തന്നെ ജെൻ-സി പ്രേക്ഷകരേവരും ഏറ്റെടുത്ത ചിത്രത്തിൽ പ്രകടനങ്ങള്‍ കൊണ്ട് ഉർവശിയും ജോജു ജോര്‍ജ്ജും ഞെട്ടിച്ചിരിക്കുകയാണ്.

ലോക സിനിമകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്റ്റോടെയാണ് സഫർ സനൽ ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരിക്കുന്ന ചിത്രത്തിൽ ഇന്‍റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഇന്‍റൻസ് പ്രകടനവുമായി ഉർവശി തിളങ്ങിയിരിക്കുകയാണ്. തിയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് ഓരോ ദിവസവും ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. യൂത്തും ഫാമിലി ഓഡിയൻസും ഒരുപോലെ ഒഴുകിയെത്തുന്നതോടെ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയാണ് 'ആശ'യുടെ മുന്നേറ്റം.

പ്രകടനത്തിന്‍റെ കാര്യത്തില്‍ ഉർവ്വശിയുടെയും ജോജു ജോർജിന്‍റേയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം കാണികളെ മുൾമുനയിൽ നിർത്തുന്നതാണ്. അസാധാരണ അഭിനയ പാടവമാണ് ചിത്രത്തിൽ ഉർവശി കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മാനസികനില തെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവവിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേർത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളിൽ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടെ നിൽക്കുന്നൊരു കഥാപാത്രമായും ഏറെ ആഴത്തിലാണ് ഉർവശി ആശയെ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്.

നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തിൽ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ്. ഡാർക്ക് സസ്പെൻസ് മൂഡും അൺപ്രെഡിക്റ്റബിൾ ആയ കഥാഗതിയുമാണ് സിനിമയെ വിദേശ ത്രില്ലറുകൾക്ക് ഒപ്പമെത്തിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് ആയ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്‍റെ റോ ആൻഡ് റിയലിസ്റ്റിക് ഛായാഗ്രഹണവും ഷാൻ മുഹമ്മദിന്‍റെ കൃത്യതയാർന്നതും ചടുലവുമായ എഡിറ്റിംഗും സിനിമയുടെ മൂഡിനെ അടുത്ത ലെവലിലേക്ക് ഉയർത്തുന്നു. 'ഇതൊരു വേൾഡ് ക്ലാസ് ചിത്രം' എന്ന് സോഷ്യൽ മീഡിയയിലടക്കം ജെൻ സി സിനിമാ പ്രേമികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായി 'ആശ' തിയേറ്ററുകളിൽ വലിയ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News | HD Live 24x7 Streamin