ആളു മാറി വിമര്‍ശിച്ചതിന് മറുപടിയുമായി സുനില്‍ ഷെട്ടി (Sunil Shetty). 


പാൻ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍, അജയ് ദേവ്‍ഗണ്‍, ഷൂരൂഖ് ഖാൻ എന്നിവര്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പാൻ മസാല പരസ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നടൻ സുനില്‍ ഷെട്ടിക്കും ഇതില്‍ പ്രതികരിക്കേണ്ടി വന്നു. ഒരു യൂസര്‍ സുനില്‍ ഷെട്ടിയെ തെറ്റിദ്ധരിച്ചതായിരുന്നു കാരണം (Sunil Shetty).

വിമല്‍ എലൈച്ചിയുടെ പരസ്യത്തില്‍ കണ്ട അജയ് ദേവ്‍ഗണിനെ സുനില്‍ ഷെട്ടിയായി തെറ്റിദ്ധരിച്ചായിരുന്നു ഒരാള്‍ ട്വിറ്ററില്‍ അഭിപ്രായ പ്രകടനം നടത്തിയത്. പാൻ മസാല പരസ്യത്തിനൊപ്പമുള്ള ഒരു ഫോട്ടോയിൽ സുനിൽ ഷെട്ടിയെ ടാഗ് ചെയ്‍തുകൊണ്ട് ഒരാള്‍ വിമര്‍ശിക്കുകയായിരുന്നു. ഹൈവേയില്‍ മസാല പരസ്യം താൻ ഒരുപാട് കണ്ടെന്നും രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കരുതെന്നായിരുന്നു കമന്റ്. ഇന്ത്യയെ ദയവായി ക്യാൻസര്‍ രാഷ്‍ട്രമാക്കരുത് എന്നും അയാള്‍ എഴുതിയിരുന്നു. ടീറ്റ് ചര്‍ച്ചയായതോടെ മറുപടിയുമായി സുനില്‍ ഷെട്ടി തന്നെ രംഗത്ത് എത്തി.

ഒന്നുങ്കില്‍ കണ്ണട ഉപയോഗിക്കണം, അല്ലെങ്കില്‍ ഉള്ളത് മാറ്റണം എന്നായിരുന്നു സുനില്‍ ഷെട്ടി മറുപടി നല്‍കിയത്. ഇത് കണ്ട് വിമര്‍ശകൻ മറുപടിയുമായി രംഗത്ത് എത്തി. അജയ് ദേവ്‍ഗണിന് പകരം സുനില്‍ ഷെട്ടിയെ തെറ്റായി ടാഗ് ചെയ്‍തതാണ് എന്ന് പറയുകയും ചെയ്‍തു. താങ്കളുടെ ആരാധകനാണ് താനെന്നും അയാള്‍ സുനില്‍ ഷെട്ടിയെ അറിയിച്ചു. ഇതോടെ ഇമോജിയുമായി സുനില്‍ ഷെട്ടിയും ആരാധകന്റെ ക്ഷമാപണം സ്വീകരിച്ചു.

Read More : മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍, 'ആ പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കും'

പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍. എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇനി പാൻ മസാല പര്യങ്ങളില്‍ അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു.

എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാൻ പിന്തുണയ്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്‍നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.

അജയ് ദേവ്‍ഗണും ഷൂരൂഖ് ഖാനും പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചിരുന്നു.ഇവര്‍ പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതാണ് പരസ്യം. അപ്പോള്‍ അക്ഷയ് കുമാര്‍ പാൻ മസാല ചവച്ചുകൊണ്ട് കടന്നുവരികയും ചെയ്യുകയുമാണ്. പുകയില പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് അക്ഷയ് കുമാര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.