Asianet News MalayalamAsianet News Malayalam

മമ്മൂക്കയ്ക്ക് മാത്രം സാധ്യമായ ധീരത, അതിന്റെ പേരാണ് സ്ക്രീനിൽ തെളിഞ്ഞ ചരിത്രവിജയം: വി എ ശ്രീകുമാർ

മാറിയ കേരളത്തെ സൂചിപ്പിക്കുന്നതാണ് കാതലെന്നും വി എ ശ്രീകുമാര്‍. 

V A Shrikumar praise mammootty movie kaathal the core  jeo baby jyothika nrn
Author
First Published Nov 29, 2023, 7:49 AM IST

'കാതൽ' എന്ന മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ വി എ ശ്രീകുമാർ. വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേതെന്നും അതിരിനു പുറത്തു പ്രബലസമൂഹം നിർത്തിയ കാര്യമാണ് ചിത്രം തുറന്നു പറയുന്നതെന്നും സംവിധായകൻ പറയുന്നു. മമ്മൂട്ടി എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. മാറിയ കേരളത്തെ സൂചിപ്പിക്കുന്നതുമാണ് കാതലെന്നും അദ്ദേഹം പറഞ്ഞു. 

വി എ ശ്രീകുമാറിന്‍റെ വാക്കുകള്‍

നിലയ്ക്കാത്ത കയ്യടികളോടെ അവസാനിക്കും വരെ, തീവ്രമായ ഒരു നിശബ്ദതയായിരുന്നു തിയറ്ററാകെ. ആ കയ്യടിയാവട്ടെ, തിരിച്ചറിവിന്റെ പാരമ്യവുമായിരുന്നു.കുട്ടായിയെ കൊണ്ട് വണ്ടി ഓടിക്കെടാ- എന്ന തെറി, തങ്കനോട് പറഞ്ഞപ്പോൾ, ഒരു മറു കമന്റ്, ഒരലമ്പ് വർത്തമാനം തിയറ്ററിൽ ഉണ്ടാകുമോ എന്നു ഞാൻ ഭയന്നു. ഇല്ല, അങ്ങനെയൊന്നും ഉണ്ടായില്ല. അപ്പോൾ തങ്കൻ അനുഭവിച്ച വേദനയാണ് തിയറ്ററിനെ നോവിച്ചത്. തിരികെ കാറോടിക്കുമ്പോൾ ആലോചിച്ചത് ആ കയ്യടിയെപ്പറ്റിയാണ്. ആർക്കുള്ള കയ്യടിയാണ് അതെന്നാണ്. വഴുതിപ്പോകാവുന്ന വിധം വക്കിലുള്ള പ്രമേയമാണ് കാതലിന്റേത്. അതിരിനു പുറത്തു പ്രബലസമൂഹം നിർത്തിയ കാര്യമാണ് തുറന്നു പറയുന്നത്. മാത്യുവിനെ പോലെ, സമൂഹത്തിനാകെ പേടിയാണ് ആ സത്യത്തെ. തുറന്നു പറഞ്ഞ് സ്വതന്ത്രമാകാൻ കെൽപ്പില്ലാത്ത സമൂഹം തിയറ്ററിൽ കൂട്ടമായിരുന്ന് കയ്യടിച്ചത്, ഒരു തുറവിയാണ്. മമ്മൂക്ക സ്ക്രീനിൽ കരഞ്ഞാൽ തിയറ്ററാകെ കരയും. ചാച്ചനമുമായുള്ള മാത്യുവിന്റെ സംസാരം ഓമനയിലേക്ക് നീളുകയും അതൊരു പാട്ടായി മാറുകയും ചെയ്തപ്പോൾ, കരയാത്തവരായി തിയറ്ററിൽ ആരാകും ഉണ്ടായിരുന്നിരിക്കുക. ഞാൻ കരഞ്ഞു. ആ കരച്ചിലിനൊടുവിൽ തെളിഞ്ഞ മനസുകളുടെ, തെളിമയായിരുന്നു ആ കയ്യടി. ജിയോ ബേബിക്ക്. എഴുത്തിന്. ആഴം കാട്ടിയ ദൃശ്യങ്ങൾക്ക്. സുധിക്ക്. ഓമനയ്ക്ക്- എല്ലാവർക്കും കയ്യടിയുണ്ടായിരുന്നു. ഞാനും കയ്യടിച്ചു ബാക്കി എല്ലാത്തിനും ഒപ്പം പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്. അങ്ങേയ്ക്കു സാധ്യമായ ഈ ധീരത, അതിന്റെ പേരാണ് സ്ക്രീനിൽ അവസാനം തെളിഞ്ഞ ബോർഡിൽ ഉണ്ടായിരുന്നത്- ചരിത്രവിജയം. മമ്മൂട്ടി, എന്ന മഹത്തായ ചരിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ് മാത്യു. ആ മാത്യുവിന് വീണ്ടും കയ്യടി. മാറിയ കേരളത്തെ സൂചിപ്പിക്കുന്നുണ്ട് കാതൽ. തിയറ്ററിലെ നിശബ്ദതയും ഒടുവിലെ നിലയ്ക്കാത്ത കയ്യടിയും മാറിയ കേരളത്തിനുള്ളതാണ്. ഉൾക്കൊള്ളുക, എന്ന മഹത്തായ മൂല്യം നാം ഒരു സമൂഹം എന്ന നിലയിൽ ആർജ്ജിക്കുന്നു. അതെ, നാം കയ്യടിച്ചത് നമുക്ക് തന്നെയാണ്. നന്ദി മമ്മൂക്ക, നയിച്ചും നിർമ്മിച്ചും കാതൽ സാധ്യമാക്കിയതിന്.

എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്; ശ്രീനിഷിനെ കുറിച്ച് പേളി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios