അന്തരിച്ച നടി വി ജെ ചിത്രയുടെ അവസാന ചിത്രമാണ് ഇത്.

നടി വി ജെ ചിത്ര അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കോള്‍സ് എന്ന സിനിമയുടെ ട്രെയിലറാണ് ഇത്. കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായിട്ടാണ് വി ജെ ചിത്ര അഭിനയിക്കുന്നത്. ജെ ശബരീഷ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. വി ജെ ചിത്രയുടെ മരണം ഏറെ വിവാദത്തിന് കാരണമായിരുന്നു. മരണത്തിന്റെ ഒരു സൂചന പോലും നല്‍കാതെയായിരുന്നു വി ജെ ചിത്രയുടെ ആത്മഹത്യ.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രയും നടൻ ഹേമന്തുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. മരണ ദിവസം, ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചയാണ് ചിത്ര റൂമില്‍ തിരിച്ചെത്തിയത്. തനിക്ക് കുളിക്കണമെന്നും പുറത്തുപോകണമെന്നും ചിത്ര ഹേമന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതില്‍ തുറന്നില്ല. ഒടുവില്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഹേമന്ത് വാതില്‍ തുറന്നപ്പോഴാണ് ചിത്ര ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്. വി ജെ ചിത്രയുടെ മരണത്തില്‍ അനുശോചനവുമായി എല്ലാവരും രംഗത്ത് എത്തിയിരുന്നു.

തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് വി ജെ ചിത്ര ശ്രദ്ധേയയായത്.

മുല്ല എന്ന കഥാപാത്രമാണ് വി ജെ ചിത്ര ചെയ്‍തത്. കോള്‍സ് എന്ന സിനിമയില്‍ വി ജെ ചിത്രയ്‍ക്ക് പുറമെ ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ.