രാജമൌലി ബാഹുബലി ചിത്രീകരിക്കുന്ന സമയമായിരുന്നു അത്
സിനിമകളുടെ ജയപരാജയങ്ങള്‍ എന്നത് പ്രവചനാതീതമാണ്. പ്രൊജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന സമയത്ത് താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമൊക്കെ കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ പിഴയ്ക്കാറുണ്ട്. ഒരു തിരക്കഥയുമായി ആദ്യം സമീപിച്ച താരം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മറ്റൊരു താരത്തെ വച്ച് ചെയ്ത സിനിമകള്‍ സൂപ്പര്‍ഹിറ്റ് ആയ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു പാന്‍ ഇന്ത്യന്‍ സംവിധായകന്‍ വേണ്ടെന്നുപറഞ്ഞ തിരക്കഥ പിന്നീട് ബമ്പര്‍ ഹിറ്റ് ആയ സാഹചര്യം നോക്കാം.
മറ്റാരുമല്ല, ബാഹുബലിയിലൂടെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികളുടെ ബഹുമാനം നേടിയ എസ് എസ് രാജമൌലിയാണ് ആ സംവിധായകന്‍. തിരക്കഥാകൃത്ത് അദ്ദേഹത്തിന്‍റെ അച്ഛന്‍ വി വിജയേന്ദ്ര പ്രസാദും. ബാഹുബലിയുടെ കഥയും വിജയേന്ദ്ര പ്രസാദിന്‍റേത് ആയിരുന്നു. രാജമൌലി ബാഹുബലി ഷൂട്ടിംഗ് തിരക്കുകളില്‍ നില്‍ക്കുമ്പോഴാണ് താനെഴുതിയ മറ്റൊരു ചിത്രത്തിന്‍റെ കഥ വിജയേന്ദ്ര പ്രസാദ് മകനോട് പറഞ്ഞത്. കഥ കേട്ട് രാജമൌലിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അതുകണ്ട വിജയേന്ദ്ര പ്രസാദ് മകനോട് ചോദിച്ചു- "നീ ചെയ്യുന്നുണ്ടോ ഈ സിനിമ"? എന്നാല്‍ ഇത് മറ്റേതെങ്കിലും സംവിധായകര്‍ക്ക് കൊടുത്തോളൂ എന്നായിരുന്നു രാജമൌലിയുടെ മറുപടി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ബജ്‍റംഗി ഭായ്‍ജാന്‍ ആയിരുന്നു ആ ചിത്രം.
വിജയേന്ദ്ര പ്രസാദിന്‍റ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം കബീര്‍ ഖാനും പര്‍വേസ് ഷെയ്ഖും ചേര്‍ന്ന് തിരക്കഥയൊരുക്കി, കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. ബാഹുബലി ഇറങ്ങി കൃത്യം ഏഴാം ദിവസമായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്. ബാഹുബലിയേക്കാള്‍ ചെറിയ ബജറ്റില്‍ എത്തിയ ചിത്രം ബാഹുബലി 1 നേക്കാള്‍ വലിയ വിജയം നേടുകയും ചെയ്തു. 90 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 915 കോടി ആയിരുന്നു. ചിത്രം നേടിയ ഈ വന്‍ വിജയം രാജമൌലിയെ ഒട്ടൊന്ന് നിരാശപ്പെടുത്തി. അദ്ദേഹം അച്ഛനോട് അത് പങ്കുവെക്കുകയും ചെയ്തു. "തിരക്കഥ വേണോ എന്ന് അച്ഛന്‍ എന്നോട് ചോദിച്ച സമയം ശരിയല്ലായിരുന്നു. ബാഹുബലി ക്ലൈമാക്സ് ചിത്രീകരണത്തിന്‍റെ ടെന്‍ഷനിലായിരുന്നു ഞാന്‍. അതിന് 10 ദിവസം മുന്‍പോ ശേഷമോ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ യെസ് പറഞ്ഞേനെ", രാജമൌലി പറഞ്ഞു. അതേസമയം ബജ്റംഗി ഭായ്‍ജാന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
