Asianet News MalayalamAsianet News Malayalam

'വിദ്യാര്‍ഥി രാഷ്ട്രീയം ശക്തമായിരുന്നെങ്കില്‍ ഈ മരണം സംഭവിക്കുമായിരുന്നില്ല'; വി എ ശ്രീകുമാര്‍ പറയുന്നു

'എനിക്കുറപ്പാണ് എസ്എഫ്‌ഐയോ, കെഎസ് യുവോ, എഐസ്എഫോ, എബിവിപിയോ, എംഎസ് എഫോ അടക്കം സ്‌കൂളുകളില്‍ ശക്തമായിരുന്നു എങ്കില്‍ ഷെഹ്ലയുടെ ജീവനെടുത്ത മാളം അടയ്ക്കാനുള്ള സമരം എന്നേ നടന്നേനെ.'

va shrikumar reacts to the student death after snake bite
Author
Thiruvananthapuram, First Published Nov 22, 2019, 6:00 PM IST

സ്‌കൂളുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ ശക്തമായിരുന്നുവെങ്കില്‍ ഷെഹ്‌ലയുടേതുപോലെ ഒരു മരണം സംഭവിക്കുമായിരുന്നില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അതേസമയം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഇതുപോലെയാണ് എന്ന നിലയ്ക്കുള്ള പ്രചരണത്തെയും രാഷ്ട്രീയ ആയുധമായി ഈ സംഭവത്തെ ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ശ്രീകുമാര്‍ പറയുന്നു.

വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാനും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പാലക്കാട് പി.എം.ജി മോഡല്‍ സ്‌കൂളിലാണ് ഞാന്‍ പത്താംക്ലാസ് വരെ പഠിച്ചത്.

സുല്‍ത്താന്‍ ബത്തേരിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി ഷെഹ്ല ദാരുണമായി കൊല്ലപ്പെട്ട സംഭവം മനഃസാക്ഷിയുള്ള എല്ലാമനുഷ്യരേയും നടുക്കുന്ന സംഭവമാണ്. ആ കുഞ്ഞ് അനുഭവിച്ച വേദന ഓര്‍ക്കാന്‍ കൂടി വയ്യാത്തതാണ്. അതേസയം, കുട്ടിയുടെ സഹപാഠികള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുടെ ക്രൂരമുഖവും വെളിപ്പെടുത്തുന്നു. സ്‌കൂളിലെ സയന്‍സ് അധ്യാപകനാണ് പാമ്പു കടിയേറ്റു എന്നു കുട്ടികള്‍ ആവര്‍ത്തിച്ചിട്ടും വിലങ്ങുതടിയായത് എന്നും വായിച്ചറിഞ്ഞു. ഇതാണോ അധ്യാപകരുടെ ശാസ്ത്രബോധം? താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാനുള്ള മരുന്ന് നല്‍കാതെ 90 കിലോമീറ്റര്‍ ദൂരെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്തു എന്നതടക്കം പരിശോധിച്ചാല്‍ ആ കുരുന്നു ജീവന്‍ പൊലിഞ്ഞതിനു പിന്നില്‍ അനവധി അനാസ്ഥകല്‍ വ്യക്തമാകും.

വയനാട്ടില്‍ ഒരു കാഷ്വാലിറ്റി ഉണ്ടായാല്‍, 90 കിലോമീറ്റര്‍ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയാല്‍ മാത്രമാണ് ചികിത്സ ലഭ്യമാകുന്നത് എന്നത് അതീവദാരുണമാണ്. കുതിരാനില്‍ പാലക്കാട് കുടുങ്ങുന്നതിനു തുല്യമാണ് താമരശ്ശേരി ചുരത്തിലെ തടസ്സങ്ങളും. വയനാടിന് എന്തുകൊണ്ട് ഒരു മെഡിക്കല്‍ കോളജ് ഇനിയും ഉണ്ടാകുന്നില്ല എന്ന ചോദ്യം ഉയരേണ്ടതുണ്ട്. എയര്‍ ആംബുലന്‍സെങ്കിലും ഈ ജില്ലയില്‍ ഉടന്‍ വേണം. ഷെഹ്ലയുടെ ജീവനോടുള്ള കടപ്പാടാണത്.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഇതുപോലെയാണ് എന്ന നിലയ്ക്കുള്ള പ്രചാരണത്തെയും രാഷ്ട്രീയ ആയുധമായി ഈ ദാരുണ സംഭവത്തെ ഉപയോഗിക്കുന്നതും സര്‍ക്കാര്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് അംഗീകരിച്ചു തരാനാകില്ല. ഞാനെന്റെ അധ്യാപകരെ ഓര്‍ക്കുന്നു... പൊന്നു പോലെ നോക്കിയ അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തന്നെയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും എനിക്കു ലഭിച്ച നല്ല അനുഭവങ്ങളാണ് എന്റെ മകളേയും പാലക്കാട് മോയന്‍സ് മോഡല്‍ സ്‌കളില്‍ ചേര്‍ക്കാന്‍ പ്രേരണയായത്. അതും സര്‍ക്കാര്‍ സ്‌കൂളാണ്.

സഹപാഠിയുടെ ദാരുണാന്ത്യം ഭയലേശമന്യേ ലോകത്തോടു വിളിച്ചു പറഞ്ഞ മിടുക്കികളായ കുഞ്ഞുങ്ങളെ അതേ സ്‌കൂളില്‍ കണ്ടു. സത്യം വിളിച്ചു പറയുന്ന ആ കുഞ്ഞുങ്ങള്‍ക്ക് ഒരു ജനാധിപത്യ വേദി ഉണ്ടായിരുന്നു എങ്കില്‍, ആ പാമ്പിന്‍ മാളം എന്നേ അടയ്ക്കപ്പെടുമായിരുന്നു. അടച്ചില്ലെങ്കില്‍ ആ കുഞ്ഞുങ്ങള്‍ ഉറക്കെ ശബ്ദിച്ചേനെ. ആ കുട്ടികള്‍, ഇപ്പോള്‍ കിട്ടിയ അവസരത്തില്‍ വിളിച്ചു പറഞ്ഞതെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. മുന്‍പും പാമ്പിനെ കണ്ടുട്ടുണ്ടെന്നുള്ളത്... ക്ലാസില്‍ ചെരുപ്പ് ഇടാന്‍ അനുവദിക്കില്ല എന്നത്.

ഷെഹ്ലയുട മാതാപിതാക്കള്‍ രണ്ടാളും അഭിഭാഷകരാണ്, പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ആശയത്തില്‍ അടിയുറച്ചാണ് മകളെ സര്‍ക്കാര്‍ സ്‌കൂളില്‍ അവര്‍ ചേര്‍ത്തതെന്നും ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ആ മാതാപിതാക്കള്‍ സ്വന്തം മകളിലൂടെ നാടിന് നല്‍കാന്‍ ഉദ്ദേശിച്ച സന്ദേശത്തിന്റെ പ്രാണനാണ് കേവലം ചില വ്യക്തികളുടെ നിരുത്തരവാദപരമായ അലംഭാവത്തിലൂടെ പൊലിഞ്ഞത്. മാപ്പു പറഞ്ഞാലോ ഉത്തരവാദികളെ ശിക്ഷിച്ചാലോ തീരുന്നതല്ല ആ മാതാപിതാക്കളുടെ നഷ്ടം. പോയത് അവരുടെ പ്രാണനാണ്...

എന്റെ സ്‌കൂള്‍ക്കാലത്ത് വിദ്യാര്‍ത്ഥി സംഘടനകളുണ്ടായിരുന്നു. ജനാധിപത്യപരമായി ചോദ്യം ചെയ്യാനും തിരുത്താനും. ഷെഹ്ല, ഓര്‍മ്മിപ്പിക്കുന്നത് എന്റെ സ്‌കൂള്‍ക്കാലമാണ്. അന്ന് ഇത്രയധികം ഫണ്ടൊന്നും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ, പാമ്പു കടിയേറ്റ് മരിക്കാന്‍ ഒരു കുഞ്ഞിനേയും അനുവദിക്കാത്ത വിധം ശക്തമായ ജനാധിപത്യ വേദികള്‍ സ്‌കൂളുകളില്‍ ഉണ്ടായിരുന്നു. എനിക്കുറപ്പാണ് എസ്എഫ്‌ഐയോ, കെഎസ് യുവോ, എഐസ്എഫോ, എബിവിപിയോ, എംഎസ് എഫോ അടക്കം സ്‌കൂളുകളില്‍ ശക്തമായിരുന്നു എങ്കില്‍ ഷെഹ്ലയുടെ ജീവനെടുത്ത മാളം അടയ്ക്കാനുള്ള സമരം എന്നേ നടന്നേനെ. മാളം അടഞ്ഞേനേ. ഷഹ്ലയുടെ സഹപാഠി, സത്യം വിളിച്ചു പറഞ്ഞ നിദ ഫാത്തിമയുടെ ശബ്ദം നാട് എന്നേ കേള്‍ക്കുമായിരുന്നു..

ഷെഹ്ലയ്ക്ക് കണ്ണീരോടെ വിട.
വയനാടിന്റെ ദുര്‍വിധി പരിഹരിച്ചേ മതിയാകൂ...
പാമ്പന്‍ ചുരത്തില്‍ കുരുങ്ങേണ്ടതല്ല, ഈ ജില്ലയുടെ ജീവന്‍.

Follow Us:
Download App:
  • android
  • ios