Asianet News MalayalamAsianet News Malayalam

വാരിസ് റിലീസ്; പ്രചരിച്ച ആശങ്കയില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കള്‍.!

ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില നിന്ന അഭ്യൂഹത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 

Vaarasudu to have a simultaneous Release
Author
First Published Jan 8, 2023, 10:56 AM IST

ചെന്നൈ: ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് വാരിസ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളി ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില നിന്ന അഭ്യൂഹത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. വാരിസ് ഒരേ സമയം തമിഴിലും തെലങ്കിലും ഇറങ്ങും എന്നാണ് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ തെലുങ്ക് ട്രെയിലറിന് ലഭിച്ച തണുപ്പന്‍ പ്രതികരണവും തെലുങ്ക് മാര്‍ക്കറ്റിലെ വന്‍ ചിത്രങ്ങളും കാരണം പടത്തിന്‍റെ തെലുങ്ക് പതിപ്പായ വാരിസുഡു റിലീസ് വൈകുമെന്നായിരുന്നു അഭ്യൂഹം. 

എന്നാല്‍ ആ അഭ്യൂഹങ്ങള്‍ തള്ളി ഒടുവിൽ ജനുവരി 11ന് തന്നെ വാരിസ് തെലുങ്ക് പതിപ്പും തിയറ്ററിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഏറെ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്‍റെ രണ്ട് ഭാഷകളിലെയും റിലീസ് ഒന്നിച്ച് നടത്താന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ, ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി എന്നിവയും പൊങ്കലിന് റിലീസ് ചെയ്യുന്നുണ്ട്. ഇതോടെ തെലുങ്ക് ബോക്സ്ഓഫീസില്‍ കടുത്ത മത്സരമാണ് നടക്കുക.

അതേസമയം, പതിവുപോലെ കേരളത്തിൽ മികച്ച സ്ക്രീൻ കൗണ്ടോടെയാണ് വിജയ് ചിത്രം റിലീസിനെത്തുന്നത്. കേരളത്തില്‍ ഇതുവരെയായി നൂറിലധികം ഫാൻസ് ഷോകള്‍ തീരുമാനിച്ചുവെന്നും കൊല്ലത്ത് മാത്രം ലേഡീസ് ഫാൻസ് ഷോ ഉള്‍പ്പടെ 13 എണ്ണം ചാര്‍ട്ടായെന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. 

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വാരിസിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  

അജിത്തോ വിജയ്‍യോ? കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ മുന്നില്‍ ആര്?

വിജയ് വാരിസില്‍ രജനി ഡയലോഗ് കോപ്പിയടിച്ചോ?; വിജയിയെ ട്രോളി രജനീകാന്ത് ആരാധകര്‍.!

Follow Us:
Download App:
  • android
  • ios