കണ്ണൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ കേരളത്തിലെ നിക്ഷേപാന്തരീക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. കാലമേറെ കഴിഞ്ഞിട്ടും കേരളം പതിറ്റാണ്ടുകളോളം പഴി കേട്ടിരുന്ന നിക്ഷേപസൗഹൃദമല്ലാത്ത സംസ്ഥാനമെന്ന ദുഷ്‌പേരിന് മാറ്റമൊന്നുമില്ലേയെന്ന ചോദ്യമാണ് കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയായ സാജന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്ന ചോദ്യം. അത്തരത്തിലെ സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍ തങ്ങളുടെ വാദത്തിന് ബലമേകാന്‍ പലരും ഉപയോഗിച്ച ഉദാഹരണമായിരുന്നു സത്യന്‍ അന്തിക്കാട് ചിത്രം 'വരവേല്‍പ്പി'ലെ മോഹന്‍ലാല്‍ കഥാപാത്രം നേരിട്ട ദുരവസ്ഥ. സാജന്റെ ആത്മഹത്യാ വിഷയത്തില്‍ നടന്‍ ജോയ് മാത്യു എഴുതിയ ഫേസ്ബുക്ക് കുറിപ്പോടെ ഈ സിനിമയും അതേക്കുറിച്ച് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി നടത്തിയ പരാമര്‍ശവും വീണ്ടും ചര്‍ച്ചയാവുകയാണ്.

2003ല്‍ വാജ്‌പേയി കേരളത്തെ ഓര്‍മ്മിപ്പിച്ചു

കേരളസര്‍ക്കാര്‍ സംഘടിപ്പിച്ച പ്രഥമ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ മീറ്റിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയുടെ പരാമര്‍ശം. ജീവിതനിലവാര സൂചികകളിലൊക്കെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ മിക്കപ്പോഴും പിന്നിലാക്കാറുള്ള കേരളത്തിന്റെ മേല്‍ ഇപ്പോഴും പടര്‍ന്നിരിക്കുന്ന ഒരു നിഴലിനെക്കുറിച്ചാണ് അന്നത്തെ നിക്ഷേപക സമ്മേളനത്തില്‍ വച്ച് അദ്ദേഹം സംസാരിച്ചത്. മറ്റെന്തൊക്കെയുണ്ടെങ്കിലും കേരളത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോഴും ആളുകള്‍ക്ക് മടിയും ഭയവുമുണ്ടെന്ന വസ്തുത ഉദാഹരിക്കാനാണ് അദ്ദേഹം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രം 'വരവേല്‍പ്പി'നെ ഉദാഹരിച്ചത്.

വള്ളത്തോളിന്റെയും പാലാ നാരായണന്‍ നായരുടെയും പ്രശസ്ത വരികളൊക്കെ ഉദ്ധരിച്ച് കേരളത്തിന്റെ സവിശേഷതകളും നേട്ടങ്ങളും വിശദീകരിച്ചതിന് ശേഷം വാജ്‌പേയി ഇങ്ങനെ തുടര്‍ന്നു.. 'കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സമകാലിക കേരളത്തിന്റെ മറ്റൊരു സ്വഭാവവും എന്നില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഒരു വശത്ത് നിങ്ങള്‍ മലയാളികള്‍ വളരെ പണ്ടേ ആഗോള സമൂഹവുമായി ശക്തമായ ബന്ധം പുലര്‍ത്തിയിരുന്ന സമൂഹമാണ്. മറുവശത്ത് ആഗോളതലത്തിലെയും ദേശീയതലത്തിലെയും സമ്പദ് വ്യവസ്ഥകളിലെ മാറ്റത്തിന്റെ കാറ്റിനെ അവഗണിക്കാനുള്ള വിചിത്രമായ ഒരു മനോഭാവവും കേരളം പ്രദര്‍ശിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയ്ക്ക് പുറത്തും നിക്ഷേപം നടത്താന്‍ ഉത്സാഹം കാട്ടുന്ന മലയാളികള്‍ സ്വന്തം നാട്ടില്‍ അത് ചെയ്യാന്‍ മടിയ്ക്കുകയാണ്. നിക്ഷേപസൗഹൃദമായ ഒരു അന്തരീക്ഷമില്ലെന്ന കേരളത്തിന്റെ പ്രതിച്ഛായയാണ് ഇതിന് കാരണം.'

വാജ്‌പേയി ഇങ്ങനെ തുടര്‍ന്നു. 'നിങ്ങളുടെ പ്രശസ്ത നടന്‍ മോഹന്‍ലാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ കഥാപാത്രമായി അഭിനയിച്ച 'വരവേല്‍പ്പ്' എന്നൊരു സിനിമയുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. വലിയ പ്രതീക്ഷയോടെ തന്റെ സമ്പാദ്യം ഒരു ചെറിയ സംരംഭത്തില്‍ നിക്ഷേപിക്കുകയാണ് അദ്ദേഹം. പക്ഷേ അവസാനം, സുഖകരമല്ലാത്ത അനുഭവങ്ങള്‍ക്കൊടുവില്‍ സംരംഭം അടച്ചുപൂട്ടേണ്ടിവരുന്നു അദ്ദേഹത്തിന്.' ആത്മപരിശോധനയ്ക്കുള്ള അവസരമായാണ് ഈ സമ്മേളനത്തെ കേരളം നോക്കിക്കാണേണ്ടതെന്ന വാചകങ്ങളോടെയാണ് വാജ്‌പേയി അന്ന് പ്രസംഗം ഉപസംഹരിച്ചത്. 

'വരവേല്‍പ്പി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച 'മുരളി' എന്ന നായക കഥാപാത്രം ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം ഒരു ബസ് സര്‍വ്വീസ് ആണ് തുടങ്ങുന്നത്. വര്‍ഷങ്ങളുടെ അധ്വാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് ഒരു സെക്കന്റ് ഹാന്‍ഡ് ബസ് ആണ് അദ്ദേഹം റൂട്ട് അടക്കം വാങ്ങുന്നത്. പക്ഷേ തൊഴിലാളി സംഘടനാ നേതൃത്വത്തില്‍ നിന്നും ഉദ്യോഗസ്ഥവൃന്ദത്തില്‍ നിന്നും തുടര്‍ച്ചയായി മോശം അനുഭവങ്ങള്‍ നേരിടേണ്ടവരുന്ന കഥാപാത്രം ബസ് സര്‍വ്വീസ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. 

അതേസമയം 'മാപ്പര്‍ഹിക്കാത്ത കുറ്റ'മെന്നാണ് സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി സര്‍ക്കാരിന് നേര്‍ക്കുയര്‍ത്തിയിരിക്കുന്ന വിമര്‍ശനം. സാജന്റേത് അസ്വസ്ഥതയുണ്ടാക്കുന്ന മരണമാണെന്നും അടുത്ത മാസം 15ന് അകം കേസില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.