മുഹഷിൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗോവിന്ദ് വസന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയിലേക്ക്. ഹര്‍ഷദിന്‍റെ രചനയില്‍ മുഹഷിന്‍ സംവിധാനം ചെയ്ത വള എന്ന ചിത്രമാണ് സ്ട്രീമിം​ഗിന് ഒരുങ്ങുന്നത്. ധ്യാൻ ശ്രീനിവാസനും ലുക്മാനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. തിയറ്റര്‍ റിലീസിന്‍റെ 56-ാം ദിനത്തിലാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. സൈന പ്ലേയിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിം​ഗ്. നാളെ മുതല്‍ (നവംബര്‍ 13) ഈ പ്ലാറ്റ്ഫോമില്‍ ചിത്രം കാണാനാവും. ഒടിടി റിലീസിനോടനുബന്ധിച്ച് സൈന പ്ലേ ചിത്രത്തിന്‍റെ പ്രത്യേക ട്രെയ്‍ലറും പുറത്തുവിട്ടിരുന്നു.

സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ വിലപിടിപ്പുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. ചരിത്രത്തിന്റെ രഹസ്യങ്ങൾ നിറഞ്ഞ ആ വള കാലത്തിനപ്പുറം നിന്നും വർത്തമാനത്തിലേക്ക് എത്തി, പലരുടെയും ജീവിതങ്ങളുമായി ചേർന്ന് പോകുന്നതാണ് കഥയുടെ പ്രമേയം. ‘കഠിന കഠോരമീ അണ്ഡകടാഹം’ വഴിയായിരുന്നു മുഹഷിൻ ആദ്യമായി ശ്രദ്ധേയനായത്. രണ്ടാമത്തെ ചിത്രമായ വളയിൽ, അദ്ദേഹം തിരക്കഥാകൃത്തായ ഹർഷദുമായി ( ഉണ്ട, പുഴു) ചേർന്ന്, വിവിധ കാലഘട്ടങ്ങളിൽ പിണഞ്ഞുകിടക്കുന്ന ഒരു കഥയെ പുതുമയാർന്ന ദൃശ്യഭാഷയിലും ആകർഷകമായ രീതിയിലും ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം.

രാഷ്ട്രീയക്കാരനായി ധ്യാനും പൊലീസുകാരനായി ലുക്മാനും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രവീണ രവി ധ്യാനിന്‍റെ ഭാര്യയായും ശീതൾ ജോസഫ് ലുക്മാന്റെ ഭാര്യയായും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വളരെയധികം അഭിനയപ്രാധാന്യം ഉള്ള വേഷങ്ങൾ ആണ് വിജയരാഘവനും ശാന്തികൃഷ്ണയും ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗി ആയി കൈകാര്യം ചെയ്തിട്ടിരിക്കുന്നു. പതിവ് ക്ലീഷേകളിൽ നിന്നും വ്യത്യസ്തമായൊരു പ്രതിനായക വേഷമാണ് ഗോവിന്ദ് വസന്ത കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മൂഡിനോട് ചേർന്ന രീതിയിൽ ആണ് അഫ്നാസ് വി യുടെ ഛായാഗ്രഹണവും സിദ്ദിഖ് ഹൈദറിന്റെ എഡിറ്റിംഗും ഗോവിന്ദ് വസന്തയുടെ സംഗീതവും.

Vala - Story of A Bangle - OTT Trailer | Lukman | Dhyan | Govind Vasantha | Muhashin | Fairbay Films