ജീത്തു ജോസഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ വലതുവശത്തെ കള്ളന്‍, ഒരു ക്രൈം ഡ്രാമ എന്നതിലുപരി പേരന്‍റിംഗിനെക്കുറിച്ചുള്ള വൈകാരികമായ ഒരു കഥയാണ്

ജീത്തു ജോസഫ് എന്ന് പേര് കേള്‍ക്കുമ്പോഴേ പ്രേക്ഷകരെ സംബന്ധിച്ച് ആദ്യം മനസിലേക്ക് വരുന്നത് ത്രില്ലര്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്നായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഭാരമാണ് ആ പ്രേക്ഷക പ്രതീക്ഷ. ഏത് ഗണത്തില്‍ പെടുന്ന ചിത്രവുമായി വന്നാലും പ്രേക്ഷകര്‍ ട്വിസ്റ്റും സസ്പെന്‍സുമൊക്കെ പ്രതീക്ഷിക്കും എന്നതാണ് ഇതിലെ നെഗറ്റീവ്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ വലതുവശത്തെ കള്ളന്‍ ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണെങ്കിലും സാധാരണ ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങളുടെ മാതൃകയിലുള്ള ഒന്നല്ല. ക്രൈം ഉണ്ടെങ്കിലും ഇമോഷണല്‍ ഡ്രാമയുടെ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകാരിക ബന്ധങ്ങള്‍

പേരന്‍റിംഗ് ആണ് ചിത്രത്തിന്‍റെ കോര്‍ തീം. കുട്ടികളെ വളര്‍ത്തുമ്പോള്‍ നാം എടുക്കുന്ന തീരുമാനങ്ങളെ എന്തൊക്കെ ഘടകങ്ങള്‍ സ്വാധീനിച്ചേക്കാം? നാം എടുക്കുന്ന തീരുമാനങ്ങളൊക്കെയും ശരിയാണോ? ഇത്തരത്തിലുള്ള ഒരു കഥ പറഞ്ഞുകൊണ്ട് ത്രില്ലര്‍ ജോണറിനെത്തന്നെ റീഡിഫൈന്‍ ചെയ്യുകയാണ് ജീത്തു ജോസഫ്. കണ്ടുകൊണ്ടിരിക്കുന്നത് ഒരു സിനിമയാണ് എന്നത് മറന്ന് കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിക്കുന്ന ചിത്രമാണ് ഇത്. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ത് ചെയ്തേനെ എന്ന് ചിത്രം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരും ചിന്തിക്കുന്നു. ഒരു രക്ഷിതാവ് എന്ന നിലയിലും ഒരു മനുഷ്യന്‍ എന്ന നിലയിലും നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാനും പ്രേരിപ്പിക്കും വലതുവശത്തെ കള്ളന്‍.

ബിജു മേനോനും ജോജു ജോര്‍ജുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിഐ ആന്‍റണി സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. സാമുവല്‍ ജോസഫ് ആയി ജോജു ജോര്‍ജും എത്തുന്നു. ഇവര്‍ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വിനായക്, പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ്, സംഗീതം വിഷ്ണു ശ്യാം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Union Budget 2026