Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് എന്ത് പിറന്നാളാഘോഷം; 'വലിമൈ' ഫസ്റ്റ് ലുക്ക് റിലീസ് നീട്ടി അജിത്ത്

ഇതു സംബന്ധിച്ച് ഒരു വിശദീകരണക്കുറിപ്പും നിര്‍മ്മാതാവ് ബോണി കപൂര്‍ പുറത്തുവിട്ടിട്ടുണ്ട്

valimai first look release postponed
Author
Thiruvananthapuram, First Published Apr 24, 2021, 7:12 PM IST

കോളിവുഡ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് അജിത്ത് കുമാര്‍ നായകനാവുന്ന 'വലിമൈ'. അജിത്ത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അജിത്തിന്‍റെ അന്‍പതാം പിറന്നാള്‍ ദിനമായ  മെയ് ഒന്നിന് റിലീസ് ചെയ്യപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളും അജിത്തും.

ഇതു സംബന്ധിച്ച് ഒരു വിശദീകരണക്കുറിപ്പും നിര്‍മ്മാതാവ് ബോണി കപൂര്‍ പുറത്തുവിട്ടിട്ടുണ്ട്. ഫസ്റ്റ് ലുക്ക് റിലീസ് തീയതി പ്രഖ്യാപിച്ച സമയത്ത് കൊവിഡിന്‍റെ ഒരു രണ്ടാംതരംഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാമ്പത്തിക പ്രയാസങ്ങളിലും ഉറ്റവരുടെ വിയോഗം മൂലമുള്ള വൈകാരിക പ്രതിസന്ധികളിലും പെട്ട് ദേശവാസികള്‍ ഉഴലുകയാണ് ഇപ്പോഴെന്നും കുറിപ്പില്‍ പറയുന്നു. അതിനാല്‍ വലിമൈ ഫസ്റ്റ് ലുക്ക് റിലീസ് മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയാണെന്നും. തീരുമാനത്തെ സ്വാഗതം ചെയ്‍തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ അജിത്ത് ആരാധകരുടെ പ്രതികരണങ്ങളും.

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
 

Follow Us:
Download App:
  • android
  • ios