സംപ്രേഷണം തുടങ്ങി വളരെ പെട്ടന്നുതന്നെ ജനമനസ്സുകള്‍ കീഴടക്കിയ പരമ്പരയാണ് വാനമ്പാടി. കുട്ടിത്താരങ്ങളുടെയുള്‍പ്പെടെയുള്ളവരുടെ അഭിനയമികവും സീമ ജി നായര്‍ ഉള്‍പ്പെടെയുള്ളവ പ്രമുഖ അഭിനേതാക്കളുടെ സാന്നിധ്യവും കഥയുടെ കെട്ടുറപ്പുമൊക്കെയാണ് ഈ പരമ്പരയുടെ ജനപ്രീതിക്കുള്ള കാരണങ്ങള്‍. പരമ്പര അതിന്റെ പ്രധാന ഭാഗത്തേക്ക് കടക്കുമ്പോള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാവും പ്രേക്ഷകരില്‍ പലരും ശ്രദ്ധിക്കുന്നത്. ഇത്രകാലവും ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ മോഹന്‍ മറ്റുള്ളവരെ അറിയിക്കുമോ എന്നാണ് വാനമ്പാടിയുടെ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

സിനിമാ പിന്നണിഗായകനായ മോഹന്‍കുമാറുമായി ബന്ധപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങളുണ്ട് വാനമ്പാടിയില്‍. പത്മിനിയാണ് മോഹന്റെ ഭാര്യ. മോഹന് വിവാഹത്തിന് മുന്‍പുള്ള ബന്ധത്തില്‍ ജനിച്ച അനുമോള്‍, പത്മിനിക്ക് വിവാഹത്തിന് മുന്‍പുള്ള ബന്ധത്തില്‍ ജനിച്ച തംബുരു എന്നിവരും കഥയില്‍ നിര്‍ണായക സ്ഥാനങ്ങളുള്ള കഥാപാത്രങ്ങളാണ്. ഇവരുടെ ജീവിതമാണ് പരമ്പരയുടെ കേന്ദ്രസ്ഥാനം. പത്മിനിയുടെ മുന്‍ കാമുകനും തംബുരുവിന്റെ അച്ഛനുമായ മഹേന്ദ്രനും അയാളുടെ ഭാര്യ അര്‍ച്ചനയ്ക്കും കഥയില്‍ പ്രാധാന്യമുണ്ട്.

മകള്‍ അരികിലുണ്ടായിട്ടും താനാണ് അച്ഛനെന്ന സത്യം പറയാനാകാത്ത മോഹനും, അച്ഛനാണെന്ന സത്യമറിയാതെ അച്ഛന്‍ എന്ന സ്ഥാനം നല്‍കുന്ന മകളുമാണ് പല എപ്പിസോഡുകളെയും മുന്നോട്ട് നയിച്ചത്. സത്യങ്ങള്‍ അറിഞ്ഞിട്ടും തുറന്നുപറയാനാകാതെ ഇനിയെത്രനാള്‍ മോഹന് പിടിച്ചുനില്‍ക്കാനാകുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. മോഹനില്‍ നിന്ന്, കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേള്‍ക്കുമ്പോള്‍ ശ്രീമംഗലം വീട് അതിനോട് എങ്ങനെയാവും പ്രതികരിക്കുകയെന്നും വരാനിരിക്കുന്ന എപ്പിസോഡുകളുടെ ആകാംക്ഷയാണ്.

സീരിയല്‍ സംവിധാനരംഗത്ത് ശ്രദ്ധേയനായ ആദിത്യന്‍ സംവിധാനം ചെയ്യുന്ന വാനമ്പാടിയില്‍ തെലുങ്ക് താരം സായ്‍ കിരണ്‍ മോഹന്‍കുമാറിനെ അവതരിപ്പിക്കുമ്പോള്‍ സുചിത്ര നായരാണ് പത്മിനിയെ അവതരിപ്പിക്കുന്നത്. അനുമോളായി ഗൗരീകൃഷ്‍ണനും തംബുരുവായി സോനാ ജെലീനയും എത്തുന്നു. ഈസ്റ്റ് കോസ്റ്റ് ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ രാജീവ് പരമേശ്വറാണ് മഹേന്ദ്രനായി എത്തുന്നത്.

സിനിമാതാരം സീമ ജി നായര്‍ സീരിയലിലെ പ്രധാന കഥാപാത്രമായ വേലക്കാരി കല്ല്യാണിയായും വേഷമിടുന്നു.