ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ആക്ഷൻ ത്രില്ലർ സിനിമയിൽ ജോജു ജോർജ് നായകനാകുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പോളച്ചൻ എന്ന കഥാപാത്രത്തിന്‍റെ അതിജീവന പോരാട്ടമാണ് ചിത്രം പറയുന്നത്.

മലയോരത്തിന്റെ കരുത്തും ആക്ഷൻ ത്രില്ലറിന്റെ തീവ്രതയും ഒരുമിപ്പിച്ച് ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജോജുവിന്റെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങി. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങൾ പിറന്നാളാശംസകളോടെ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പോസ്റ്റർ ഷെയർ ചെയ്തു. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകൾക്കിടയിലൂടെ അതിതീഷ്ണമായി നോക്കുന്ന ജോജുവാണ് പോസ്റ്ററില്‍. അതിജീവനത്തിന്‍റെ കളി എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചിത്രത്തിന്റെ എല്ലാവിധ ഭാവങ്ങളും ഉൾക്കൊണ്ടിരിക്കുന്നു.

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സിനിമയാണ് വരവ്. പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വരവ് ഒരു ജോജു മാജിക് കാണിച്ചുതരും എന്ന് ഫസ്റ്റ് ലുക്കിലൂടെ ഉറപ്പിക്കാം. ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾക്ക് പെൺകരുത്തേകാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചേരുന്നു. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവം, ജോജുവിൻ്റെ കരുത്താർന്ന കഥാപാത്രാഭിനയവും കൂടി ചേർന്ന് പ്രേക്ഷകർക്കൊരു വ്യത്യസ്ത അനുഭവമായിരിക്കും വരവെന്ന് അണിയറക്കാര്‍ പറയുന്നു. ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷൻ ഇതാദ്യമായാണ് ഒരുമിക്കുന്നത്.

ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. കോ പ്രൊഡ്യൂസർ ജോമി ജോസഫ്. ആക്ഷൻ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ അൻപറിവ്, സ്റ്റണ്ട് സിൽവ, കലൈ കിംഗ്സ്റ്റൺ, ജാക്കി ജോൺസൺ, ഫീനിക്സ് പ്രഭു, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങളുണ്ട്. ജോജുവിന്റെ വലതുവശത്തെ കള്ളൻ, ആശ, ഡീലക്സ് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോജു നായകനായ ജോഷിയുടെയും ഭദ്രന്‍റെയും സിനിമകളും പണിപ്പുരയിലാണ്. തമിഴിൽ ജോജു നായകനായി എത്തുന്ന ചിത്രത്തിന്റെ അറിയിപ്പുകൾ ഉടൻ വരും. കൂടാതെ ജോജുവിന്റെ ബോളിവുഡ് അരങ്ങേറ്റവും ഈ വർഷം ഉണ്ടാകും.

വരവിന്‍റെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവാണ്. മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോൽ, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥ ഒരുക്കിയ എ. കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേഴ്സ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പിആർഒ മഞ്ജു ഗോപിനാഥ്‌, സ്റ്റിൽസ് ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്, ഓഫ്‌ലൈൻ പബ്ലിസിറ്റി ബ്രിങ്ഫോർത്ത്. മൂന്നാർ, മറയൂർ, തേനി കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങൾ കൊണ്ട് വരവിന്റെ ചിത്രീകരണം പൂർത്തിയാകും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്