കോഴിക്കോട്: വാരിയംകുന്നൻ തിരക്കഥയിൽ നിന്നുള്ള പിൻമാറ്റം താൽക്കാലികമാണെന്ന്   തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ആഷിക് അബുവിന് വിയോജിപ്പാകാം പക്ഷെ തന്റെ മതപരമായ നിലപാടുകളിൽ മാറ്റമില്ലെന്നും തിരക്കഥാകൃത്ത് വിശദീകരിച്ചു. വാരിയംകുന്നനെന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലെ പുതിയ സാഹചര്യത്തിലാണ് റമീസിന്‍റെ പ്രചാരണം.

ആഷിഖ് അബുവുമായി ഒരുതരത്തിലും തര്‍ക്കത്തിനും ഇല്ലെന്ന് റമീസ് പറയുന്നു. ഇത് ഒരു വിഴുപ്പലക്കലിലേക്ക് പോകുവാന്‍ ഉദ്ദേശിക്കുന്നില്ല. തിരക്കഥയില്‍ തിരുത്തലുകള്‍ വരുമോ എന്ന ചോദ്യത്തിന് തിരക്കഥ ഒരു പ്രോസസ്സായി മുന്നോട്ട് പോവുകയാണ് ഇനിയുള്ള ഭാഗത്ത് താന്‍ ഉള്‍പ്പെടണോ വേണ്ടത് എന്നത് ഇപ്പോള്‍ തീരുമാനം ഇല്ലാതെ നില്‍ക്കുകയാണ്.

തനിക്കെതിരെ ആരോപണം ഉയര്‍ന്ന മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംബന്ധിച്ചും റമീസ് അഭിപ്രായം പറഞ്ഞു. നടിക്കെതിരെ താന്‍ നടത്തിയ പോസ്റ്റ് തെറ്റാണെന്ന് മനസിലായി അത് തിരുത്തിയിട്ടുണ്ട്. എന്‍റെ 28മത്തെ വയസിലാണ് ഞാന്‍ ആ പോസ്റ്റ് ഇട്ടത്. അത് തീര്‍ത്തും അപക്വമാണ്. അതേ സമയം താന്‍ ഇസ്ലാം മതവിശ്വാസിയാണെന്നും തന്‍റെ ഐഡിയോളജി ഇസ്ലാം ആണെന്നും റമീസ് പറയുന്നു. വിമോചനം ഇസ്ലാമിലൂടെ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.

അതിനാല്‍ തന്നെ മതപരമായി ഞാന്‍ നടത്തിയ പോസ്റ്റുകള്‍ പലതും സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തതാണ് എന്നും റമീസ് മുഹമ്മദ് പറയുന്നു. ഇസ്ലാം ലിബറേഷന്‍ എന്നീ ആശയങ്ങള്‍  പറയുന്ന സംഘടനകള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണോ റമീസിന്‍റെ നിലപാട് എന്ന ചോദ്യത്തില്‍ ഒരു സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും താന്‍ പറയുന്നത് അടിസ്ഥാനപരമായ ആശയമാണെന്നും റമീസ് പറയുന്നു.