കേരളത്തില്‍ പുലര്‍ച്ചെ നാലിനാണ് ആദ്യ പ്രദര്‍ശനങ്ങള്‍
കോളിവുഡ് ഏറെനാളായി കാത്തിരിക്കുന്ന തിയറ്റര്‍ പൊങ്കല്‍ ആഘോഷത്തിന് തുടക്കം. അജിത്തിന്‍റെ തുനിവും വിജയ് നായകനാവുന്ന വാരിസും ഒരുമിച്ച് തിയറ്ററുകളിലെത്തുന്ന പൊങ്കല്‍ കാലമാണ് ഇത്. ഇതില്‍ വാരിസിന്‍റെ സ്പെഷ്യല്‍ പ്രീമിയര്‍ ചെന്നൈ സത്യം സിനിമാസില്‍ ആരംഭിച്ചു. പ്രമുഖര്‍ക്കാണ് ക്ഷണം. സത്യം സിനിമാസില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ കാണികള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
അര്‍ധരാത്രി മുതല്‍ തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. കേരളത്തില്‍ പുലര്‍ച്ചെ നാലിനാണ് ആദ്യ പ്രദര്‍ശനങ്ങള്‍. ഹരി പിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്. ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രവുമാണ് ഇത്.
ALSO READ : 15 ദിവസം മുന്‍പേ വിദേശത്ത് റിസര്‍വേഷന്‍ ആരംഭിച്ച് 'പഠാന്‍'; ലക്ഷ്യം വന്‍ ഓപണിംഗ്
