മുംബൈ: ബോളിവുഡിൽ ഇത് വിവാഹക്കാലമാണ്. സോനം കപൂർ-ആനന്ദ് അഹൂജ, ദീപിക-രൺവീർ, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങൾക്ക് പിന്നാലെ വീണ്ടുമൊരു വിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്. നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നുവെന്നാണ് ബോളിവുഡിൽനിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇരു കുടുംബങ്ങളും ആരംഭിച്ചുവെന്നും ഗോവയിൽവച്ച് ഈ വർഷം ഡിസംബറിൽ ചടങ്ങുകള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാള്‍ ആണ് വധു. ദീർഘകാലമായി പ്രണയത്തിലായിരുന്ന വരുണ്‍ ധവാനും നടാഷയും കുറച്ച് നാളുകൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് വിവരം വെളിപ്പെടുത്തിയത്. കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ വച്ച് തങ്ങളിരുവരും പ്രണയത്തിലാണെന്ന് വരുൺ തുറന്ന് സമ്മതിച്ചിരുന്നു.

​ഗോവൻ കടൽതീരത്ത് വച്ച് അത്യാഡംബര വിവാഹത്തിനാണ് ബോളിവുഡ് ഇനി സാക്ഷിയാകുക. സിനിമ മേഖലയിലെ അടുത്ത സു​ഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. വിവാഹത്തിന് ശേഷം മുംബൈയിൽവച്ച് വിവാഹവിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വരുണ്‍-നടാഷ വിവാഹം നവംബറിൽ‌ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കലങ്കിന്റെ പ്രദർശനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. മൈ നെയിം ഈസ് ഖാന്‍ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ സഹസംവിധായകനായാണ് വരുണ്‍ സിനിമയിലെത്തിയത്. പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം ബോളിവുഡിലെ മുൻനിരനായകരിലൊരാളായി. കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ ആയിരുന്നു അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം ഒമ്പത് വർഷത്തിനിടെ  13 ചിത്രങ്ങളിൽ അഭിനയിച്ചു. മെ തേരാ ഹീറോ, ദില്‍വാലെ, ഡിഷ്യും, ബദ്‍ലാപൂർ, സൂയി ധാഗ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കലങ്ക് എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ.