കമല്‍ഹാസൻ നായകനാകുന്ന ചിത്രത്തിനായി പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്നു.

തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യന്റെ' രണ്ടാം ഭാഗമാണ്. കുറേക്കാലമായി പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍ ഷങ്കര്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. 'ഇന്ത്യൻ 2'വില്‍ ഷങ്കറിനെ സഹായിക്കാൻ മൂന്ന് പ്രമുഖ സംവിധായകരും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

രാം ചരണിനെ നായകനാക്കി 'ആര്‍സി 15' എന്ന ചിത്രവും ഷങ്കര്‍ ഒരുക്കുന്നുണ്ട്. വൻ ബജറ്റില്‍ സ്വന്തം തിരക്കഥയില്‍ തന്നെയാണ് 'ആര്‍സി 15' ഷങ്കര്‍ ഒരുക്കുന്നത്. വര്‍ഷാവസാനം രാം ചരണ്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ഷങ്കര്‍ ശ്രമിക്കുന്നത്. അതിനാല്‍ രണ്ടു ലൊക്കഷനിലും പ്രവര്‍ത്തിക്കേണ്ടി വന്നതിനാല്‍ ഷങ്കര്‍ തന്റെ മുൻ സഹസംവിധായകരുടെ സഹായം തേടിയെന്നാണ് വാര്‍ത്ത. ചിമ്പുദേവൻ, അറിവഴകൻ, വസന്ത ബാലൻ എന്നിവരാണ് എസ് ഷങ്കറിനെ സഹായിക്കാൻ എത്തുക. 'ഇന്ത്യൻ 2'വിലെ പ്രധാന അഭിനേതാക്കളുടെ രംഗങ്ങളാകും ഇവര്‍ ഒരുക്കുക എന്നാണ് സൂചന. ഇവരും ഭാഗമാകുന്നതോടെ 'ഇന്ത്യൻ 2' ഒരു വിസ്‍മയ ചിത്രമാകും എന്നു തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 'ഇന്ത്യൻ 2'വില്‍ ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

രാം ചരണ്‍ നായകനാകുന്ന ഷങ്കര്‍ ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ് നിര്‍മിക്കുന്നത്. എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബോളിവുഡ് നടി കിയാര അദ്വാനിയാണ് നായിക. അഞ്‍ജലിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാവും.

Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍