വീര സിംഹ റെഡ്ഡിയുടെ ട്രെയ്‍ലര്‍ ഇന്നലെ പുറത്തെത്തിയിരുന്നു
കൊവിഡ് കാലത്തിനിപ്പുറം ബോളിവുഡ് സിനിമയുടെ മാര്‍ക്കറ്റ് ഇടിഞ്ഞത് രാജ്യത്തെ സിനിമാ വ്യവസായ മേഖല ആശങ്കയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. കൊവിഡിനു മുന്‍പുവരെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമായിരുന്നു ബോളിവുഡ് എങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് തെലുങ്ക് സിനിമയാണ്. കന്നഡ, തമിഴ് ചലച്ചിത്ര മേഖലകളും പിന്നാലെയുണ്ട്. തെലുങ്ക് ചിത്രങ്ങളുടെ സബ് ടൈറ്റില്‍, മൊഴിമാറ്റ പതിപ്പുകള്‍ ഉത്തരേന്ത്യയില്‍ വന്‍ വിജയം നേടുന്നതിനെ തുടര്‍ന്ന് പുതിയ ചിത്രങ്ങള്‍ക്കൊക്കെയും ആ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ആണ്. ഇപ്പോഴിതാ തെലുങ്കില്‍ വരാനിരിക്കുന്ന രണ്ട് പ്രധാന ചിത്രങ്ങളുടെ വിതരണാവകാശം ഒരു പ്രമുഖ കമ്പനി വാങ്ങിയിരിക്കുകയാണ്.
ചിരഞ്ജീവിയെ നായകനാക്കി കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം വാള്‍ട്ടര്‍ വീരയ്യ, നന്ദമുറി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങളുടെ ഉത്തരേന്ത്യന്‍ വിതരണാവകാശമാണ് വിറ്റുപോയിരിക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനി പെന്‍ സ്റ്റുഡിയോസിന്‍റെ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ പെന്‍ മരുധര്‍ ആണ് ഈ ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ : കളക്ഷന്‍ 12,000 കോടി! അവതാര്‍ 3, 4, 5 ഭാഗങ്ങളില്‍ ഉറപ്പ് നല്‍കി ജെയിംസ് കാമറൂണ്‍
ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമായ വാള്‍ട്ടര്‍ വീരയ്യയില്‍ രവി തേജയും കാതറിന്‍ ട്രെസയും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന അഖണ്ഡയ്ക്കു ശേഷം ബാലയ്യയുടേതായി എത്തുന്ന ചിത്രമാണ് വീര സിംഹ റെഡ്ഡി. മലയാളത്തില്‍ നിന്ന് ലാല്‍, ഹണി റോസ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. ഈ രണ്ട് ചിത്രങ്ങളിലെയും നായിക ശ്രുതി ഹാസന്‍ ആണ്.
