ജനുവരി 26ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം

വിശാലിനെ (Vishal) നായകനാക്കി തു പ ശരവണന്‍ സംവിധാനം ചെയ്യുന്ന 'വീരമേ വാഗൈ സൂടും' (Veeramae Vaagai Soodum) എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 4 ആണ് റിലീസ് തീയതി. റിപബ്ലിക് റിലീസ് ആയി ജനുവരി 26ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. തമിഴ്നാട്ടില്‍ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിക്കപ്പെട്ട സാഹചര്യത്തിലാണ് ചിത്രം ഉടന്‍ തിയറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

അധികാര കേന്ദ്രങ്ങള്‍ക്കെതിരെ പോരാടുന്ന സാധാരണക്കാരനായാണ് വിശാല്‍ സ്ക്രീനില്‍ എത്തുന്നത്. ഡിംപിള്‍ ഹയതിയാണ് നായിക. കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ ബിഗ് റിലീസ് ആവും ഈ ചിത്രം. തമിഴിനൊപ്പം തെലുങ്ക് ഭാഷയിലും ഒരേ സമയമാവും റിലീസ്. 'സാമന്യുഡു' എന്നാണ് തെലുങ്ക് ടൈറ്റില്‍. യോഗി ബാബു, മാരിമുത്തു, തുളസി, കവിത ഭാരതി, ആര്‍എന്‍ആര്‍ മനോഹര്‍, മറിയം ജോര്‍ജ്, മഹാ ഗാന്ധി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Scroll to load tweet…

വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഛായാഗ്രഹണം കവിന്‍ രാജ്, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, കലാസംവിധാനം എസ് എസ് മൂര്‍ത്തി.