Asianet News MalayalamAsianet News Malayalam

മഞ്ജു വാര്യരുടെ 'വെള്ളരിക്കാപട്ടണം' പേര് മാറ്റി; ഇനി 'വെള്ളരിപട്ടണം'

മനീഷ് കുറുപ്പ് ഇതേ പേരില്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരുന്നു

vellarikka pattanam movie name changed to vellari pattanam manju warrier full on studios
Author
Thiruvananthapuram, First Published Apr 29, 2022, 7:54 PM IST

മഹേഷ് വെട്ടിയാറിന്‍റെ സംവിധാനത്തില്‍ മഞ്ജു വാര്യരും (Manju Warrier) സൌബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരിക്കാപട്ടണം (Vellarikka Pattanam) എന്ന ചിത്രത്തിന്‍റെ പേര് മാറ്റി. വെള്ളരിപട്ടണം (Vellari Pattanam) എന്നതാണ് പുതിയ ടൈറ്റില്‍. ഈ ടൈറ്റില്‍ തങ്ങളുടെ ചിത്രത്തിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുറുപ്പ് എന്ന സംവിധായകന്‍ രംഗത്തെത്തിയിരുന്നു. വെള്ളരിക്കാപട്ടണം എന്ന പേരില്‍ ഈ ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തിന്‍റെ പേരുമാറ്റം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പേരുമാറ്റത്തെ സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്‍റെ വിശദീകരണം

കേരളത്തില്‍ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കുന്നതിനും ടൈറ്റില്‍ രജിസ്‌ട്രേഷനുമുള്ള അധികാരം ഫിലിംചേംബറിനാണ്. ഇതനുസരിച്ച്  2019 നവംബര്‍ 5ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിംചേംബറില്‍ 'വെള്ളിരിക്കാപട്ടണം' എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശപ്രകാരം, ഇതേപേരില്‍ 1985-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ് രജിസ്‌ട്രേഷന് അപേക്ഷിച്ചത്. ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറില്‍ തന്നെയുണ്ട്. എന്നാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് പേര് രജിസ്റ്റര്‍ ചെയ്തത് എന്നതിനും അപേക്ഷയ്‌ക്കൊപ്പം തോമസ് ബെര്‍ളിയുടെ കത്ത് ഉണ്ടായിരുന്നോ എന്നതിനുമെല്ലാം ഫിലിം ചേംബര്‍ രേഖകള്‍ സാക്ഷ്യം പറയും. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ 'വെള്ളരിക്കാപട്ടണം' എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേര് ഫുള്‍ഓണ്‍ സ്റ്റുഡിയോസിന് അനുവദിച്ച് കിട്ടി.

വസ്തുതകള്‍ ഇതായിരിക്കെ തമിഴ്‌നാട്ടിലെ ഒരു സംഘടനയിലെ രജിസ്‌ട്രേഷന്റെ ബലത്തില്‍ 'വെള്ളരിക്കാപട്ടണം' എന്ന പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ആ സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹം ഞങ്ങളുടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിര്‍ക്കും എതിരേ സമൂഹമാധ്യമങ്ങളിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും അപവാദപ്രചാരണം നടത്തുകയും ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുകയാണ്. ഒരു ചിത്രത്തിന്റെ പേരിന്റെ രജിസ്‌ട്രേഷനുമായി അതിലെ അഭിനേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് മേല്‍പ്പറഞ്ഞ സംവിധായകന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം പ്രേക്ഷകപ്രശംസയും വിശ്വാസ്യതയും നേടിയ ബാനറാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ്. കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. 'വെള്ളരിക്കാപട്ടണം' എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ്. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുള്ള ഔദ്യോഗികസ്ഥാപനം ഫിലിംചേംബര്‍ ആണെന്നുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെ വിശ്വാസം. എന്നിരിക്കിലും ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി ഞങ്ങള്‍ പേരുമാറ്റത്തിന് തയ്യാറാകുകയാണ്.

മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ എഎസ് ദിനേശ്.

Follow Us:
Download App:
  • android
  • ios