അധികാരക്കൊതിയും പടലപ്പിണക്കങ്ങളുമാണ് സംഘടനയിൽ നടക്കുന്നതെന്ന് ജോയ് മാത്യു

താരസംഘടനയായ അമ്മയില്‍ നടക്കുന്ന അധികാര തര്‍ക്കങ്ങളിലും സംഘടനയുമായി ബന്ധപ്പെട്ട് മറ്റ് വിവാദ വിഷയങ്ങളിലും പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മുന്‍ ഭരണസമിതി അംഗം കൂടിയായ ജോയ് മാത്യു ഭാരവാഹിത്വം ഔദ്യോഗികമായി രാജി വച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അമ്മയുടെ അന്തസ് പോയെന്നും പലരും കോമാളിക്കൂട്ടങ്ങള്‍ ആയെന്നും ജോയ് മാത്യു. സംഘടന നടത്തിക്കൊണ്ടുപോകാന്‍ അറിയില്ലെന്നും താനുള്‍പ്പെടെയുണ്ടായിരുന്ന കമ്മിറ്റിക്ക് പിടിപ്പുകേട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ന്യൂനപക്ഷം ശരി പറഞ്ഞാലും അംഗീകരിക്കപ്പെടുന്നില്ല. സ്ത്രീകൾ വന്നതുകൊണ്ട് മാത്രം എല്ലാം ശരിയാവില്ല. അധികാരക്കൊതിയും പടലപ്പിണക്കങ്ങളും ഉള്ള സംഘമായി അമ്മ മാറി. എല്ലാ യോഗങ്ങളിലും പ്രശ്നങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു”, ജോയ് മാത്യുവിന്‍റെ വാക്കുകള്‍. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ തന്‍റെ സാന്നിധ്യത്തിൽ കമ്മിറ്റിയിൽ ഉണ്ടായിട്ടില്ലെന്നും ജോയ് മാത്യു. “എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അങ്ങനെയുള്ള സംഭവം ഉണ്ടായതായി എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല”. അൻസിബയും ലക്ഷ്മിപ്രിയയും തമ്മിൽ കുടിപ്പകയാണെന്നും സംഘടനയില്‍ അൻസിബ ടാർഗറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും ജോയ് മാത്യു പറ‍ഞ്ഞു. ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചുവെന്ന അന്‍സിബയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ടിനി ടോം അൻസിബയെക്കുറിച്ച് അങ്ങനെ പറയും എന്ന് താൻ കരുതുന്നില്ല എന്നായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം.

സംഘടനയില്‍ പ്രശ്നമായി മാറിയ അമ്പലക്കമ്മിറ്റി സ്പോൺസർഷിപ്പിനെ ആദ്യം താനും എതിർത്തിരുന്നുവെന്നും ജോയ് മാത്യു. “പിന്നീട് കുഴപ്പം ഇല്ലെന്ന് തോന്നി. പുനരാലോചന നടത്തി. അമ്പലക്കമ്മിറ്റിക്കും കള്ളക്കടത്തുക്കാർക്കും അമ്മയ്ക്ക് സംഭാവന നൽകാമല്ലോ”, ജോയ് മാത്യുവിന്‍റെ വാക്കുകള്‍. അമ്മ സംഘടനയിൽ നിന്നും രാജി ഇല്ലെന്നും ഭാരവാഹിത്വത്തിൽ നിന്ന് മാത്രമാണ് രാജിയെന്നും ജോയ് മാത്യു. ഇനി രാജി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള സർക്കാർ നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതില്‍ തെറ്റില്ലെന്നായിരുന്നു ജോയ് മാത്യുവിന്‍റെ മറുപടി. “മുൻ സർക്കാർ കൊണ്ടു വന്ന നയത്തിന്റെ തുടർച്ചയാണ് അത്. പുതിയ ബാറുകൾ കൊണ്ടുവന്നില്ലല്ലോ. സാധാരണക്കാരനു മേൽ ഒരു നികുതി പോലും ഈ ബജറ്റ് അടിച്ചേൽപ്പിച്ചില്ല. സിനിമാ സെറ്റിലും കാരവനിലും ഷൂട്ടിംഗ് സ്ഥലങ്ങളിലും ലഹരി പരിശോധനകൾ വേണം. കേരളത്തിൽ എല്ലാ മേഖലയിലും രാസലഹരിയുടെ ഒഴുക്കുണ്ട്. സിനിമ ഉൾപ്പെടെ എല്ലാ മേഖലയിലും ലഹരി ഉണ്ട്”, ജോയ് മാത്യു പറയുന്നു. അതേസമയം ജോയ് മാത്യുവിനെ കൂടാതെ ജയന്‍ ചേര്‍ത്തലയും കൈലാഷും തങ്ങളുടെ ഭാരവാഹിത്വം ഔദ്യോഗികമായി രാജി വച്ചു. വാര്‍ഷിക ജനറല്‍ ബോഡി നടന്ന ജൂണ്‍ 21 ന് ശ്വേത മേനോന്‍ പ്രസിഡന്‍റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് നല്‍കിയിരുന്നില്ല.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming