2026 ഓണത്തിന് പൃഥ്വിരാജിന്റെ 'ഖലീഫ', ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം', നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ വമ്പൻ ചിത്രങ്ങൾ തിയേറ്ററുകളിൽ ഏറ്റുമുട്ടും. തങ്ങളാണ് ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചതെന്നും, സിനിമകൾ മികച്ചതാണെങ്കിൽ എല്ലാത്തിനും പ്രേക്ഷകരുണ്ടാകുമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഖലീഫ, ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐആം ഗെയിം, നിവിൻ പോളിയെയും മമിത ബൈജുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി ഒരുക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഇത്തവണ മലയാളത്തിൽ ഓണം ക്ലാഷ് റിലീസായി എത്തുന്നത് ഏറ്റവും പ്രതീക്ഷയുള്ള മൂന്ന് ചിത്രങ്ങളാണ്. ഓണം ക്ലാഷ് റിലീസിനെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. bഖലീഫ 2026 ഓണത്തിന് റിലീസ് ചെയ്യാൻ എന്ന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയിൽ പ്രഖ്യാപിച്ചിരുന്നില്ല എന്നാണ് പൃഥ്വി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"2025 ഒക്ടോബർ 15 നാണ് ഖലീഫ ഞങ്ങൾ അനൗൺസ് ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് 2026 ഓണത്തിന് എന്തിനാണ് ഇപ്പോഴേ അനൗൺസ് ചെയ്യുന്നത് എന്നാണ്. ഓണത്തിന് തന്നെ ആഗസ്റ്റ് 20 ണ് റിലീസ് എന്നതും ഞങ്ങൾ ആണ് ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ അത് കുഴപ്പമില്ല. ഓണക്കാലത്ത് ഒന്നിൽ കൂടുതൽ സിനിമകൾ തിയേറ്ററിൽ ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. നല്ല സിനിമയാണെങ്കിൽ മൂന്ന് സിനിമകൾക്കും പ്രേക്ഷകരുണ്ടാകും." പൃഥ്വിരാജ് പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വി- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഖലീഫ. എമ്പുരാന് ശേഷം മോഹൻലാൽ- പൃഥ്വി കൂട്ടുകെട്ട് ഖലീഫയിലൂടെ വീണ്ടുമെത്തുന്നത് ചെറുതല്ലാത്ത ഹൈപ്പ് സിനിമയ്ക്ക് നൽകുന്നുണ്ട്. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുമ്പോൾ മാമ്പറക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

അതേസമയം ആക്ഷൻ ത്രില്ലർ ആർഡിഎക്‌സിന് ശേഷം നഹാസ് തന്റെ രണ്ടാം ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷയേറാനുള്ള പ്രധാന കാരണം നായകനായി ദുൽഖർ എത്തുന്നു എന്നത് തന്നെയാണ്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ നായകനായി എത്തുന്ന മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം. സോഷ്യൽ മീഡിയയിൽ പൃഥ്വി- ദുൽഖർ ആരാധകർ ഇപ്പോൾ തന്നെ സംവാദങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പ്രേമലു 2 പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് അപ്രതീക്ഷിതമായി കിട്ടിയ സർപ്രൈസ് ആയിരുന്നു ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ.ഡിയും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുമ്പോൾ നിർമ്മാതാക്കളായി ഭാവന സ്റ്റുഡിയോസ് ആണ് അണിയറയിലുള്ളത്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'നുണ്ട്. സർവ്വം മായ'യിലൂടെ തന്‍റെ സ്ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോള്‍, 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്.

YouTube video player