'എല്ലാവരോടും എനിക്കൊരു വിശദീകരണം നൽകാൻ ബാധ്യതയുള്ളതുകൊണ്ടാണ് ഞാൻ ഇത് പങ്കുവെക്കുന്നത്'.

തന്റെ ബിസിനസ് സംരംഭമായ പൂവ് നിർത്തുന്നുവെന്ന് അറിയിച്ച് നടിയും നർത്തകിയും ഇൻഫ്ളുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ് അറിയിച്ചു. ബിസിനസ് പങ്കാളിയിൽ നിന്നും നേരിടേണ്ടി വന്ന ചതിയാണ് ബ്രാൻഡ് നിർത്തുന്നതിനു പിന്നിലെ കാരണമെന്നും സൗഭാഗ്യ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''പൂവിനെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാവരോടുമായി...

വളരെയധികം ഹൃദയവേദനയോടെ, ഈ ബ്രാൻഡ് നിർത്തലാക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ സ്വപ്നത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. പിന്തുണയുടെ കുറവുകൊണ്ടുമല്ല. വഞ്ചനയിൽ ചെന്നവസാനിച്ച ഒരു ബിസിനസ് പങ്കാളിത്തമാണ് ഈയൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഞാൻ ഒരാളെ പൂർണമായി വിശ്വസിച്ചു, എന്നാൽ ആ വിശ്വാസം പാടേ തകർക്കപ്പെട്ടു. എനിക്ക് ഒരിക്കലും നേരിടേണ്ടി വരുമെന്ന് കരുതാത്ത ചില തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ‌ ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണ് ഞാൻ ഉള്ളത്. ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിന് സമയവും പരസ്പരസ്നേഹവും പണവും ഉറക്കമില്ലാത്ത രാത്രികളും ആവശ്യമാണ്. ഒരാൾ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് മാത്രം അത് ഇല്ലാതാകുന്നത് ഹൃദയഭേദകമാണ്.

ആദ്യ ദിവസം മുതൽ 'പൂവിനെ' പിന്തുണച്ച എല്ലാവരോടും എനിക്കൊരു വിശദീകരണം നൽകാൻ ബാധ്യതയുള്ളതുകൊണ്ടാണ് ഞാൻ ഇത് പങ്കുവെക്കുന്നത്. നിങ്ങൾ നൽകുന്നതുപോലെ എല്ലാവരും സത്യസന്ധതയ്ക്കും ആത്മാർത്ഥതയ്ക്കും വിശ്വസ്തതയ്ക്കും വില നൽകില്ല എന്ന് തിരിച്ചറിയുന്നതാണ് ബിസിനസിലെ ഏറ്റവും കഠിനമായ പാഠം. എന്റെ മനസമാധാനം പണയപ്പെടുത്തുന്നതിനേക്കാൾ ഈ അധ്യായം ഇവിടെ അവസാനിപ്പിക്കാനാണ് ഞാൻ തീരുമാനിച്ചത്. 'പൂവിൽ' വിശ്വസിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എനിക്ക് എത്രത്തോളം വലുതായിരുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ‌ ഒരു സംരംഭക എന്ന നിലയിൽ ഇത് എന്റെ അവസാനമല്ല. ഇത് കേവലം ഒരു അധ്യായത്തിന്റെ അവസാനം മാത്രമാണ്. കൂടുതൽ ശക്തവും വിവേകപൂർണവുമായ, കെട്ടുറപ്പുള്ള മറ്റൊന്നുമായി ഞാൻ വീണ്ടും തിരിച്ചുവരും'', സൗഭാഗ്യ വെങ്കിടേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക