‘സംക്രാന്തികി വസ്തുന’ത്തിന് ശേഷം വെങ്കടേഷിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍

തെലുങ്ക് സിനിമയില്‍ ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രം വെങ്കടേഷ് നായകനായ സംക്രാന്തികി വസ്തുനം ആണ്. അനില്‍ രവിപുഡി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 260 കോടിയോളം രൂപയാണ്. 50 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണെന്നതുകൂടി പരിഗണിക്കുമ്പോള്‍ ഇത് നിര്‍മ്മാതാവിന് നേടിക്കൊടുത്ത ലാഭത്തെക്കുറിച്ച് ചിന്തിക്കാവുന്നതേയുള്ളൂ. സംക്രാന്തികി വസ്തുനത്തിന് ശേഷം വെങ്കടേഷിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങളും അദ്ദേഹത്തിന് ഏറെ പ്രതീക്ഷ പകരുന്നവയാണ്. ഏറെ ശ്രദ്ധിച്ചാണ് അദ്ദേഹം പുതിയ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ദൃശ്യം 3 റീമേക്കും അതില്‍ ഉള്‍പ്പെടും.

തെലുങ്കിലെ പ്രമുഖ സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രമാണ് അതിലൊന്ന്. വെങ്കടേഷ് നായകനായി അഭിനയിക്കുന്ന അടുത്ത ചിത്രവും ഇതായിരിക്കും. സംക്രാന്തികി വസ്തുനത്തിന്‍റെ രണ്ടാം ഭാഗവും വരാനുണ്ട്. അനില്‍ രവിപുഡിയും വെങ്കടേഷും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമാവും ആരംഭിക്കുക. ദൃശ്യം 3 ആണ് തെലുങ്ക് സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇതില്‍ മലയാളം പതിപ്പിന്‍റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണവും ഇതേ സമയത്താവും ആരംഭിക്കുക.

മോഹന്‍ലാല്‍ നായകനാവുന്ന ദൃശ്യം 3 മലയാളം, അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി റീമേക്ക്, വെങ്കടേഷ് നായകനാവുന്ന തെലുങ്ക് റീമേക്ക് എന്നിവ ഒരുമിച്ച് തിയറ്ററുകളില്‍ എത്തിക്കാനായി നടക്കുന്ന ആലോചനകളെക്കുറിച്ച് ജീത്തു ജോസഫ് അടുത്തിടെ പ്രതികരിച്ചിരുന്നു. മലയാളവും ഹിന്ദിയും മാത്രമല്ല, ഒപ്പം തെലുങ്ക് പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഒടിടിയുടെ ഈ കാലത്ത് വെവ്വേറെ തീയതികളില്‍ മറുഭാഷാ പതിപ്പുകള്‍ എത്തിയാല്‍ തിയറ്ററില്‍ അത് ഉണ്ടാക്കുന്ന സ്വാധീനം കുറയുമെന്നാണ് അവര്‍ (മറുഭാഷാ നിര്‍മ്മാതാക്കള്‍) അഭിപ്രായപ്പെടുന്നത്, ജീത്തു ജോസഫ് പറഞ്ഞിരുന്നു.

നായകനാവുന്ന ഈ ചിത്രങ്ങള്‍ കൂടാതെ ചിരഞ്ജീവിയെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലും വെങ്കടേഷ് എത്തുന്നുണ്ട്. 25 മിനിറ്റ് ആണ് വെങ്കടേഷിന്‍റെ ഈ ചിത്രത്തിലെ സ്ക്രീന്‍ ടൈം. അതേസമയം തെലുങ്ക് ദൃശ്യം 3 ന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

Asianet News Live | Axiom-4 launch| Shubhanshu Shukla | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്