Asianet News MalayalamAsianet News Malayalam

'വിക്രം' തകര്‍ത്തുവാരി, ഇനി ചിമ്പുവിന്റെ 'വെന്ത് തനിന്തതു കാട്' കേരളത്തിലേക്ക് എത്തിക്കാൻ ഷിബു തമീൻസ്

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലാണ് 'വെന്ത് തനിന്തതു കാട്'.

 

Venthu Thaninthathu Kaadu Kerala distribution rights taken by Shibu Thameens
Author
First Published Sep 10, 2022, 10:48 AM IST

തമിഴകത്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ 'വിക്രം' കേരളത്തിലെ തീയേറ്ററുകളിലേക്ക് എത്തിച്ചത് ഷിബു തമീൻസ് ആയിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് വിതരണം ഏറ്റെടുത്ത മറ്റൊരു പ്രധാന ചിത്രം കൂടി കേരളത്തിലേക്ക് എത്തിക്കുന്നത് ഷിബു തമീൻസ് ആണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം  'വെന്ത് തനിന്തതു കാട്' കേരളത്തിലേക്ക് എത്തിക്കുന്നത് ഷിബു തമീൻസ് ആണ്. ഇക്കാര്യം ട്വിറ്ററിലൂടെ ഷിബു തമീൻസ് തന്നെ അറിയിച്ചിട്ടുണ്ട്.

തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെന്ത് തനിന്തതു കാട്'.   'മല്ലിപ്പൂ' എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ  അടുത്തിടെ ചിത്രത്തിലേതായി പുറത്തുവിട്ടത് ഹിറ്റായിരുന്നു. എ ആര്‍ റഹ്‍മാൻ ആണ് സംഗീത സംവിധായകൻ. 'വെന്ത് തനിന്തത് കാടി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിവിധ വാര്‍ത്താവൃത്തങ്ങളെ അടിസ്ഥാനമാക്കി സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : എസ് ഷങ്കറിന്റെ രാം ചരണ്‍ ചിത്രം കെങ്കേമമാക്കാൻ എസ് ജെ സൂര്യയും

Follow Us:
Download App:
  • android
  • ios