സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ച സാവിത്രി ശ്രീധരന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ആസ്വാദകശ്രദ്ധ നേടിയ നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ ഏറെ നാളായി കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ നായികയായിരുന്നു. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
നാടക വേദികളിലൂടെയാണ് സാവിത്രി ശ്രീധരനെ കലാസ്വാദകര്‍ ആദ്യം പരിചയപ്പെടുന്നത്. 1961 ലാണ് ആദ്യമായി നാടക വേദിയില്‍ എത്തുന്നത്. കെ ടി മുഹമ്മദിന്‍റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ എന്നീ നാടക സമിതികളുടെ എണ്ണമറ്റ നാടകങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു. 1977 ലും 1993 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണല്‍ നാടക വേദിയില്‍ സജീവമായിരുന്നു. എം ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച കടവ് എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, പപ്പന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ വേഷം ആയിരുന്നു. മികച്ച നാടക നടിക്കുള്ള അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

