രജനികാന്തിനൊപ്പം ഫഹദ് ഫാസിലും പുതിയ ഷെഡ്യൂളില്‍ ഇതിനകം ജോയിന്‍ ചെയ്തിട്ടുണ്ട്.
കരിയറിലെ വലിയ വിജയങ്ങളിലൊന്ന് കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രജനികാന്ത്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തിലെത്തിയ ജയിലര്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രമാണ്. ജയിലറിന് ശേഷമെത്തുന്ന രജനികാന്ത് സിനിമയായ വേട്ടൈയന്‍റെ ചിത്രീകരണം അന്തിമഘട്ടത്തിലാണ് ഇപ്പോള്‍. ജയ് ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ രണ്ട് ദിവസം മുന്‍പാണ് ആരംഭിച്ചത്. രജനികാന്തിനൊപ്പം ഫഹദ് ഫാസിലും റാണ ദഗുബാട്ടിയുമൊക്കെ ഈ ഷെഡ്യൂളില്‍ അഭിനയിക്കുന്നുണ്ട്. കടപ്പ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ എക്സില്‍ പ്രചരിക്കുന്നുണ്ട്.
രജനികാന്തിനൊപ്പം ഫഹദ് ഫാസിലും കടപ്പ ഷെഡ്യൂളില്‍ ഇതിനകം ജോയിന്‍ ചെയ്തിട്ടുണ്ട്. ചില ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകളും പുറത്തെത്തിയിട്ടുള്ള ലൊക്കേഷന്‍ വീഡിയോകളില്‍ കാണാം. ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതപ്പെടുന്നത്. ഈ വേനല്‍ക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണിത്.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍.
അതേസമയം ലോകേഷ് കനകരാജ് ആണ് വേട്ടൈയന് ശേഷമുള്ള രജനികാന്ത് ചിത്രം സംവിധാനം ചെയ്യുക. അതിനടുത്ത രജനികാന്ത് ചിത്രം ഒരുക്കുക മാരി സെല്‍വരാജ് ആയിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
