എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

തമിഴിലെ ഒന്നാം നിര താരങ്ങളായ വിജയ്, രജനികാന്ത്, അജിത്ത് കുമാര്‍ എന്നിവരുടെയൊന്നും ആരാധകവൃന്ദത്തിന്‍റെയത്ര വരില്ലെങ്കിലും കൃത്യമായ ഫാന്‍ ബേസ് ഉള്ളയാളാണ് ധനുഷ്. മികച്ച വിജയങ്ങളും അതിനനുസരിച്ച് ബജറ്റിലെ വര്‍ധനവുമൊക്കെയായി കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് ധനുഷ്. ധനുഷ് ആരാധകര്‍ ഏറെ കാത്തിരിപ്പോടെ ഇരുന്ന ചിത്രമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള ക്യാപ്റ്റന്‍ മില്ലര്‍. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിലും പറയാനുള്ളത് വിജയകഥ തന്നെയാണ്.

എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ജനുവരി 12 ന് ആയിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 5 കോടിയിലേറെയാണ്. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില്‍ നിന്ന് 5 കോടി നേടുന്നത്. ഗള്‍ഫിലും ധനുഷിന്‍റെ ഹയസ്റ്റ് ഗ്രോസര്‍ ആയിട്ടുണ്ട് ചിത്രം. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് 4.40 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ഗള്‍ഫ് കളക്ഷന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

സംവിധായകനൊപ്പം മദന്‍ കാര്‍ക്കിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശിവ രാജ്‍കുമാര്‍, സുന്ദീപ് കിഷന്‍, പ്രിയങ്ക അരുള്‍ മോഹന്‍, അദിതി ബാലന്‍, എഡ്വാര്‍ഡ് സോണെന്‍ബ്ലിക്ക്, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ്, വിനോദ് കിഷന്‍ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സത്യജ്യോതി ഫിലിംസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി.

ALSO READ : നിവിന്‍ ഞെട്ടിച്ചോ? 'ഏഴ് കടൽ ഏഴ് മലൈ' ആദ്യ ഷോയിലെ പ്രതികരണങ്ങള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം