ജനുവരി 28ന് എത്തേണ്ടിയിരുന്ന ചിത്രം

ഷെയ്ന്‍ നിഗത്തെ (Shane Nigam) നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വെയിലിന്‍റെ (Veyil) പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 28ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിയിരുന്നു. ഫെബ്രുവരി 25 ആണ് പുതിയ റിലീസ് തീയതി.

ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഭൂതകാലമാണ് ഷെയ്ന്‍ നിഗത്തിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറമാണ് ഒരു ഷെയ്ന്‍ നിഗം ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നത്. 2019ലെ ക്രിസ്‍മസ് റിലീസായി എത്തിയ വലിയ പെരുന്നാള് ആയിരുന്നു ഷെയ്‍നിന്‍റെ അവസാന തിയറ്റര്‍ റിലീസ്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

View post on Instagram

ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. തമിഴിൽ പ്രശസ്‍തനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്‍റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ഗുഡ്‌വിൽ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഷാസ് മുഹമ്മദ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെൽവിൻ, ചമയം ബിബിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഹാരിസ് റസാഖ്, ലക്ഷ്‌മി ഗോപികുമാർ, സംഘട്ടനം ജിഎൻ, കലാസംവിധാനം രാജീവ്‌.