ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്  എന്ന സിനിമയിലൂടെ രാജ്യത്തൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു. താരത്തെ അഭിനന്ദിച്ച് സെലിബ്രിറ്റികളും ആരാധകരും രംഗത്ത് എത്തിയിരുന്നു. വിക്കി കൌശല്‍ നായകനായി എത്തുന്ന പുതിയ സിനിമ സര്‍ദാര്‍ ഉദ്ധം സിംഗ് ആണ്. ചിത്രത്തിനായി വിക്കി കൌശല്‍ തടി കുറച്ചതാണ് താരത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഉദ്ധം സിംഗിന്റെ രൂപത്തിലേക്ക് എത്താൻ 13 കിലോഗ്രാമാണ് വിക്കി കൌശല്‍ കുറച്ചത്. അതും മൂന്ന് മാസത്തിനുള്ളില്‍.  ഉദ്ധം സിംഗിന്റെ യുവാവായുള്ള രൂപത്തില്‍ എത്താനാണ് വിക്കി കൌശല്‍ തടി കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൌശല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.  സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.  ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.  ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.