ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. പ്രമുഖരും സാധാരണക്കാരുമൊക്കെ വിക്കി കൌശലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം ഒരു അഭിനേതാവിന്റെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം അത്യാവശ്യമാണെന്ന് വിക്കി കൌശല്‍ പറയുന്നു.

ക്രിയാത്മകമായ വിമര്‍ശനവും നമ്മളെ ആത്മപരിശോധനയ്‍ക്ക് പ്രേരിപ്പിക്കും. എന്നാല്‍ നിങ്ങള്‍ എന്താണ് എന്നും എന്താണ് ചെയ്യുന്നത് എന്നും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകുകയും വേണം. വിമര്‍ശനങ്ങളില്‍ എടുക്കാവുന്നത് എടുക്കുകയും അല്ലാത്തവ തള്ളുകയും വേണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ജോലിയെയും ബാധിക്കും- വിക്കി കൌശല്‍ പറയുന്നു. ഒരാളുടെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം വളരെ പ്രധാനമാണ്. പക്ഷേ അത് എന്താണെന്ന് ബോധ്യമുണ്ടായിരിക്കണം. വിജയത്തിലേക്ക് എത്തുക എങ്ങനെയാണ് എന്നതിന് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതു മാത്രമാണ് ചെയ്യാനുള്ളത്. ജോലിയില്‍ സത്യസന്ധത കാട്ടുകയെന്നതാണ് പ്രധാനം. ഇന്ന് ആള്‍ക്കാര്‍ എന്റെ ജോലിയുമായി ബന്ധപ്പെട്ട് എന്നെ വിലയിരുത്തുന്നു. നാളെ അതല്ലെങ്കിലും ഞാൻ അതുപോലെ മുന്നോട്ടുപോകും. സിനിമയില്‍ എന്നെത്തന്നെ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഞാൻ ശ്രദ്ധിക്കുന്ന കാര്യം. വ്യത്യസ്‍തമായ കാര്യങ്ങള്‍ ചെയ്യുക. ഞാൻ മുമ്പ് ഒന്നിച്ച സംവിധായകര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യും. നമുക്ക് ചെയ്യാൻ പറ്റുന്ന മികച്ച തിരക്കഥ ലഭിക്കുകയെന്നതാണ് പ്രധാനം- വിക്കി കൌശല്‍ പറയുന്നു.

വിക്കി കൌശല്‍ നായകനായി എത്തുന്ന പുതിയ സിനിമ സര്‍ദാര്‍ ഉദ്ധം സിംഗ് ആണ്.

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഉദ്ധം സിംഗിന്റെ രൂപത്തിലേക്ക് എത്താൻ 13 കിലോഗ്രാമാണ് വിക്കി കൌശല്‍ കുറച്ചത്. അതും മൂന്ന് മാസത്തിനുള്ളില്‍.  ഉദ്ധം സിംഗിന്റെ യുവാവായുള്ള രൂപത്തില്‍ എത്താനാണ് വിക്കി കൌശല്‍ തടി കുറച്ചത്. ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൌശല്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.  

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.  ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.  ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.