കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഒറ്റപ്പെടലുകളുണ്ട്. ഇപ്പോഴിതാ കൊവിഡിന്റെ കാലത്ത് കരുതലുമായി മോഹൻലാല്‍ വിളിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഗായകൻ വിധു പ്രതാപ്.

മോഹൻലാല്‍ ചലച്ചിത്രലോകത്തെ മിക്ക ആള്‍ക്കാരെയും വിളിച്ച് സുഖവിവരം അന്വേഷിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ തന്നെയും വിളിച്ചതിന്റെ സന്തോഷമാണ് വിധു പ്രതാപ് പങ്കുവയ്‍ക്കുന്നത്. പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത് എന്ന് വിധു പ്രതാപ് പറയുന്നു. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും  മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം. ഒട്ടും കരുതാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനുമെന്നും വിധു പ്രതാപ് പറയുന്നു. മോഹൻലാലിനൊപ്പമുള്ള ചെറുപ്പകാലത്തെയും യുവാവായ കാലത്തെയും ഫോട്ടോ വിധു പ്രതാപ് പങ്കുവെച്ചിട്ടുണ്ട്.