Asianet News MalayalamAsianet News Malayalam

'ഇത് കാണാൻ ആരും വരില്ല വിനോദ്, ഒടിടിയിൽ റിലീസ് ചെയ്യൂ, റിലീസിന് മുന്‍പ് ഭാര്യ പറഞ്ഞു', പക്ഷേ നടന്നത് ചരിത്രം

ചിത്രം 100 ദിവസം പിന്നിട്ട് തിയറ്ററുകളില്‍ തുടരുകയാണ്

vidhu vinod chopra about what his wife anupama chopra told before the release of 12th fail movie nsn
Author
First Published Feb 5, 2024, 1:42 PM IST

തിയറ്റര്‍ വ്യവസായത്തിന് വലിയ സന്തോഷം പകരുന്ന ചില ചിത്രങ്ങളുണ്ട്. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും വന്‍ പ്രീ റിലീസ് ഹൈപ്പുമൊക്കെയായി എത്തുന്ന ചിത്രങ്ങളെക്കുറിച്ച് അവര്‍ക്കും നേരത്തേ പ്രതീക്ഷയുണ്ടായിരിക്കുമെങ്കില്‍ ബഹളങ്ങളൊന്നുമില്ലാതെവന്ന് ഹിറ്റടിച്ച് പോകുന്ന ചില ചിത്രങ്ങളുണ്ട്. ഏത് ഭാഷാ സിനിമകളിലും വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതങ്ങളാണ് അത്തരം ചിത്രങ്ങള്‍. അടുത്തിടെ ബോളിവുഡില്‍ നിന്നും അത്തരത്തിലൊരു ചിത്രമെത്തി. തിയറ്ററുകളില്‍ 100 ദിവസവും പിന്നിട്ട് തുടരുകയാണ് ആ ചിത്രം.

വിധു വിനോദ് ചോപ്രയുടെ സംവിധാനത്തില്‍ വിക്രാന്ത് മസ്സേ നായകനായി എത്തിയ 12ത്ത് ഫെയില്‍ എന്ന ചിത്രമാണ് അത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസംബര്‍ 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു. എന്നാല്‍ ഒടിടിയില്‍ എത്തിയിട്ടും ചിത്രം കാണാന്‍ തിയറ്ററുകളില്‍ ആളെത്തി എന്ന് മാത്രമല്ല. തിയറ്ററുകളില്‍ 100 ദിവസത്തിന് ശേഷവും ചിത്രം കാണാന്‍ ആളുണ്ട്. നൂറാം ദിന ആഘോഷവേദിയില്‍ സംവിധായകന്‍ വിധു വിനോദ് ചോപ്ര പറഞ്ഞ ചില കാര്യങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് തന്‍റെ ഭാര്യയ്ക്കുപോലും പ്രതീക്ഷയില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രമുഖ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ജേണലിസ്റ്റ് അനുപമ ചോപ്രയാണ് വിധു വിനോദ് ചോപ്രയുടെ ഭാര്യ.

"ഇത് കാണാന്‍ ആരും വരില്ല വിനോദ് എന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്. പുതിയ സിനിമയെ ഞാന്‍ മനസിലാക്കുന്നെന്ന് കരുതുന്നില്ലെന്നും അവള്‍ പറഞ്ഞു. പിന്നെ ചിത്രം നേടാനിടയുള്ള കളക്ഷനെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനങ്ങളും വരുന്നുണ്ടായിരുന്നു. 2 ലക്ഷം ഓപണിംഗും പരമാവധി 30 ലക്ഷം ലൈഫ് ടൈം കളക്ഷനും ലഭിക്കുമെന്നാണ് പലരും എഴുതിയത്. എല്ലാവരും എന്നെ ഭയപ്പെടുത്തി. ഓപണിംഗ് കുറവായിരുന്നു. പക്ഷേ ഇപ്പോള്‍ നമ്മള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ", വിധു വിനോദ് ചോപ്ര പറയുന്നു.

അനുപമ ചോപ്രയും വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. "ഈ വിജയത്തില്‍ എനിക്ക് പങ്കേതുമില്ല. അതെല്ലാം ഇവര്‍ ചേര്‍ന്ന് സൃഷ്ടിച്ചതാണ്. അദ്ദേഹം പറഞ്ഞത് ശരിയാണ്. ഞാന്‍ അങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. ഈ ചിത്രം കാണാന്‍ ആര് വരുമെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ പരസ്യമായിത്തന്നെ പറയുന്നു, എനിക്ക് തെറ്റ് പറ്റി, അദ്ദേഹമായിരുന്നു ശരി", അനുപമ ചോപ്രയുടെ വാക്കുകള്‍.

 

കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ഐപിഎസ് റാങ്കിലേക്ക് എത്തിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ആകെ ഗ്രോസ് 66.75 കോടിയാണ്. വിദേശ കളക്ഷനും ചേര്‍ത്ത് ആകെ 70 കോടിക്ക് മുകളില്‍. ഒടിടി റിലീസിന് ശേഷം മാത്രം ചിത്രം 2.50 കോടി എന്നത് ട്രാക്കര്‍മാരെപ്പോലും അമ്പരപ്പിക്കുന്ന വസ്തുതയാണ്. ബജറ്റ് 20 കോടി മാത്രമാണ് എന്നതുകൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന്‍റെ തിളക്കം വലുതാണ്.

ALSO READ : സൗഹൃദത്തിന്‍റെ വേറിട്ട ഭാവവുമായി 'എൽ എൽ ബി'; മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Follow Us:
Download App:
  • android
  • ios