ഒടിടിയില്‍ ഒരു മാസത്തിന് ഇപ്പുറം

വന്‍ വിജയം നേടിയ മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതി നായകനായി സ്ക്രീനില്‍ എത്തിയ തമിഴ് ചിത്രം വിടുതലൈ 2 ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് 2024 ഡിസംബര്‍ 20 ന് ആയിരുന്നു. പിരീഡ് പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2023 ല്‍ പുറത്തെത്തിയ വിടുതലൈ 1 ന്‍റെ സീക്വലും. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക. ഒരു മാസത്തിനിപ്പുറമാണ് പാര്‍ട്ട് 2 ഒടിടിയില്‍ എത്തിയിരിക്കുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്കിലും ചിത്രം കാണാനാവും. 65 കോടി ബജറ്റിലാണ് വെട്രിമാരന്‍ രണ്ട് ഭാഗങ്ങളും കൂടി ഷൂട്ട് ചെയ്തത്. ആദ്യ ഭാഗം 60 കോടിയും രണ്ടാം ഭാഗം 64 കോടിയും കളക്റ്റ് ചെയ്തു. വലിയ ഹൈപ്പ് ഇല്ലാതെ എത്തിയ ആദ്യ ഭാഗം വിജയമായതിനെത്തുടര്‍ന്ന് പ്രതീക്ഷയോടെയാണ് അണിയറക്കാര്‍ രണ്ടാം ഭാഗം പുറത്തിറക്കിയത്. എന്നാല്‍‌ പ്രതീക്ഷയ്ക്കൊത്തുള്ള ബോക്സ് ഓഫീസ് പ്രകടനം നടത്താന്‍ ചിത്രത്തിന് സാധിച്ചില്ല. 

വെട്രിമാരനും മണിമാരനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്‍റ്, ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്നീ ബാനറുകളില്‍ എല്‍റെഡ് കുമാറും വെട്രിമാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കിഷോര്‍, ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആര്‍ വേല്‍രാജിന്‍റേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ രാമര്‍, സംഗീതം ഇളയരാജ. റെഡ് ജയന്‍റ് ആയിരുന്നു ചിത്രത്തിന്‍റെ വിതരണം.

ALSO READ : 'ബെസ്റ്റി' ഓഡിയോ ലോഞ്ച് മുംബൈയില്‍ നടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം