നയൻതാരയ്‍ക്ക് ഒപ്പം പുതുവര്‍ഷം ആഘോഷിച്ച് വിഘ്‍നേശ് ശിവൻ.
സംവിധായകൻ വിഘ്‍നേശ് ശിവനും (Vignesh Shivan) കാമുകിയും നടിയുമായ നയൻതാരയും (Nayanthara) വിവാഹിതരാകാനിരിക്കെയാണ്. അടുത്തിടെ വിശേഷ ദിവസങ്ങളിലെല്ലാം ഇരുവരും ഒന്നിച്ചുണ്ടാകാറുണ്ട്. ഓരോ വിശേഷ ദിവസത്തിലും ആശംസകള്‍ നേര്‍ന്ന് വിഘ്‍നേശ് ശിവൻ രംഗത്ത് എത്താറുമുണ്ട്. പുതുവത്സര ആഘോഷത്തിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ വിഘ്‍നേശ് ശിവൻ.
ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകള്‍ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്‍ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിനുശേഷം ദൈവം ഓരോരുത്തര്‍ക്കും ഓരോ സമ്മാനങ്ങള്‍ നല്‍കും. എല്ലാവര്‍ക്കും അത്യധികം അനുഗ്രഹങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓര്‍ത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരിതന്നെ കാരണം. അത് സംഭവിച്ചതില്‍ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വര്‍ഷമായി കടന്നു പോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങൾക്കും പകരം വീട്ടാൻ വേണ്ടിയുള്ള കാര്യങ്ങള്‍ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും.എല്ലാവർക്കും സന്തോഷം ഇരട്ടിയാക്കും. നമ്മള്‍ അത് അര്‍ഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം. എല്ലാവര്‍ക്കും മികച്ച പുതുവര്‍ഷം ആശംസിച്ച് വിഘ്‍നേശ് ശിവൻ എഴുതിയിരിക്കുന്നു. 'കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ നയൻതാര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക.
നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'പാവ കഥൈകളെ'ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്. വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു.
ദിവ്യദര്‍ശിനി നടത്തിയ അഭിമുഖത്തില്‍ നയൻതാരയുടെ കയ്യിലെ മോതിരത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. 'ഇത് വന്ത് എൻഗേജ്‍മെന്റ് റിംഗ്' എന്നാണ് ചിരിച്ചുകൊണ്ട് നയൻതാര പറയുന്നത്. വിഘ്‍നേശ് ശിവന്റെ എന്ത് കാര്യങ്ങളാണ് ഇഷ്‍ടമെന്ന് ചോദിച്ചപ്പോള്‍ എല്ലാം, ഇഷ്‍ടമാണ് എന്നും അല്ലാത്തതും ഉണ്ട് എന്നായിരുന്നു മറുപടി. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ല.
