സ്‍കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി, മാതാപിതാക്കളുടെ അഭിമാനം; വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കള്‍
ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര

ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമല്ല കാരുണ്യപ്രവര്‍ത്തനങ്ങളിലും മറ്റുമുള്ള സജീവ പങ്കാളിത്തം കൊണ്ടും തമിഴ് സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് വിജയ് ആന്‍റണി. മനുഷ്യജീവിതത്തെക്കുറിച്ചും പ്രത്യാശാഭരിതരായി തുടരേണ്ടതിനെക്കുറിച്ചുമൊക്കെ ലഭിക്കുന്ന വേദികളില്‍ പലപ്പോഴും സംസാരിച്ചിട്ടുള്ള താരം. ആ നടന്‍റെ ജീവിതത്തിലെ ഏറ്റവും വ്യക്തിപരമായ തകര്‍ച്ചയില്‍ ആശ്വാസവാക്ക് പറയാനാവാതെ നില്‍ക്കുകയാണ് സഹപ്രവര്‍ത്തകരും അടുപ്പക്കാരും. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്‍റെ മകള്‍ മീരയെ ചെന്നൈ അല്‍വാര്‍പേട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ടത് വിജയ് ആന്‍റണി തന്നെ ആയിരുന്നു.
ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള ആള്‍. സ്കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജൂണ്‍ മാസത്തില്‍ മീര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മകളെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ വിജയ് ആന്‍റണി മകളുടെ ഈ നേട്ടത്തിന്‍റെ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം മീര കുറച്ച് കാലമായി മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സ എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സോഷ്യല്‍ മീഡിയയില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. ആത്മഹത്യയ്ക്കെതിരെ അഭിമുഖങ്ങളിലും വേദികളിലും വിജയ് ആന്‍റണി സംസാരിച്ചിട്ടുള്ളതിന്‍റെ വീഡിയോകളും എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. "മുതിര്‍ന്നവരെ സംബന്ധിച്ച് സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മാഹുതിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടിവരികയാണ്. അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക", എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ആത്മഹത്യാ പ്രവണതയെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ആന്‍റണി പറയുന്നത്. ലാറ എന്ന മറ്റൊരു മകള്‍ കൂടി വിജയ് ആന്‍റണിക്ക് ഉണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
ALSO READ : 'എബോ ആവറേജ് മാത്രമായിരുന്നു ആദ്യം ജയിലര്‍'; വിജയത്തിന്‍റെ യഥാര്‍ഥ അവകാശി ആരെന്ന് രജനി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക