ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഹോം ആണ് റോജിന്‍റെ കരിയര്‍ ബ്രേക്ക് ചിത്രം
ഹോം എന്ന വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ റോജിന്‍ തോമസ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആലോചനയില്‍. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബു ആവും ഈ പ്രോജക്റ്റ് മുന്നോട്ടുപോയാല്‍ നിര്‍മ്മാതാവായി എത്തുക. വിജയ് ബാബു തന്നെയാണ് തന്‍റെ സ്വപ്ന പ്രോജക്റ്റിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു തനിക്ക് നടക്കണമെന്ന് ഏറെ ആഗ്രഹമുള്ള ഈ പ്രോജക്റ്റിനെക്കുറിച്ച് സംസാരിച്ചത്. ഇന്നയാള്‍ സംവിധാനം ചെയ്ത്, ഇന്നയാള്‍ അഭിനയിക്കുന്ന ഒരു ചിത്രം നിര്‍മ്മിക്കണം എന്ന സ്വപ്‍നമുണ്ടോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. ഇതിന് പൊടുന്നനെ വിജയ് ബാബു ഉത്തരവും നല്‍കി- "ഉണ്ട്. ലാലേട്ടന്‍- റോജിന്‍ തോമസ്". അടുത്ത് തന്നെ ഈ ചിത്രം സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അടുത്തെന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു വിജയ് ബാബുവിന്‍റെ മറുപടി.
"അടുത്ത് എന്ന് പറയാന്‍ പറ്റില്ല. സബ്ജക്റ്റുകള്‍ വര്‍ക്ക് ചെയ്തുകൊണ്ട് ഇരിക്കുകയാണ്. തോട്ട് ആയിട്ടുണ്ട്. റോജിനും ഞാനും കൂടി ചര്‍ച്ച ചെയ്തിട്ടുണ്ട്. ലാലേട്ടന്‍റെയടുത്ത് എത്തിച്ചിട്ടുമുണ്ട്. പക്ഷേ അത് ഡെവലപ്പ് ചെയ്യണം. റോജിന്‍ കത്തനാരുടെ തിരക്കിലാണ്. അതിനുശേഷം റോജിനും ഞാനും കൂടി ഒന്നുകൂടി ഇരിക്കും". ആ സബ്ജക്റ്റ് അറിയാവുന്നതുകൊണ്ടും അത് വര്‍ക്ക് ആവും എന്ന് തോന്നിയതുകൊണ്ടും അടുത്ത് നടക്കേണ്ട ഒരു സ്വപ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതാണ് തന്‍റെ മറുപടിയെന്നും വിജയ് ബാബു വിശദീകരിച്ചു.
ഫിലിപ്സ് ആന്‍ഡ് ദി മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ 2013 ല്‍ ആയിരുന്നു റോജിന്‍ തോമസിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം. എന്നാല്‍ ഷാനില്‍ മുഹമ്മദുമായി ചേര്‍ന്നായിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2015 ല്‍ പുറത്തെത്തിയ ജോ ആന്‍ഡ് ദ് ബോയ് എന്ന ചിത്രമാണ് റോജിന്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം നിര്‍വ്വഹിച്ചത്. എന്നാല്‍ 2012 ല്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ഹോം ആണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ റോജിന് വലിയ ബ്രേക്ക് നല്‍കിയത്. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന് വ്യാപകമായ സ്വീകാര്യതയാണ് കിട്ടിയത്.
