Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍ നൈപുണ്യ പരിശീലനം: ഒരു കോടിയുടെ പദ്ധതിയുമായി വിജയ് ദേവരകൊണ്ട

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ സഹായനിധിയും പ്രഖ്യാപിച്ചു. 

vijay devarakonda announces 1.25 crore covid 19 relief
Author
Thiruvananthapuram, First Published Apr 26, 2020, 11:17 AM IST

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 1.25 കോടിയുടെ വ്യത്യസ്ത സഹായ പദ്ധതികളുമായി തെലുങ്ക് ചലച്ചിത്ര താരം വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ട ഫൌണ്ടേഷന്‍ 2019 ജൂലൈയില്‍ ആരംഭിച്ച തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയ താരം അതിലേക്ക് ഒരു കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്‍തു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ സഹായനിധിയും പ്രഖ്യാപിച്ചു. സഹായം ആവശ്യമുള്ളവര്‍ക്കും നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്കും വിജയ് ദേവരകൊണ്ട ഫൌണ്ടേഷന്‍റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ യുവാക്കളുടെ തൊഴില്‍ ലഭ്യതയാണ് ഏറ്റവും പ്രതിസന്ധിയിലാവുകയെന്നും അതിനാല്‍ ഫൌണ്ടേഷന്‍ ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്നതിന് അതിനാണെന്നും ദേവരകൊണ്ട പറഞ്ഞു. "2019 ജൂലൈയില്‍ ഞങ്ങള്‍ ഒരു രഹസ്യപദ്ധതി ആരംഭിച്ചിരുന്നു. ജീവിതകാലത്ത് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് ലക്ഷ്യമാക്കിയിരുന്നത്. അതിന്‍റെ എളിയ തുടക്കമെന്ന നിലയില്‍ 50 ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. നവംബര്‍ 2019ല്‍ 50 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തു. പരിശീലനം നല്‍കാന്‍ ആരംഭിച്ചിരുന്നു." ഇവര്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുമ്പോള്‍ മാത്രം പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് കരുതുയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായെന്നും വിജയ് ദേവരകൊണ്ട പറയുന്നു. 

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കമ്പനികള്‍ നിയമനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ഈ അന്‍പത് വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ക്ക് ഇതിനകം ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുണ്ടെന്നും ദേവരകൊണ്ട പറയുന്നു. "മറ്റുള്ള 48 പേര്‍ക്ക് കൊവിഡ് പ്രതിസന്ധി അവസാനിക്കുമ്പോള്‍ ജോലി ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ പരിശീലനം നല്‍കലാണ് ഈ കാലഘട്ടം ഏറ്റവും ആവശ്യപ്പെടുന്ന ഒരു കാര്യം. അത് ഞങ്ങളാല്‍ കഴിയുംവിധം എളിയ രീതിയില്‍ തുടങ്ങിവെക്കാന്‍ സാധിച്ചതില്‍ സന്തോഷം. പ്രതിസന്ധി അവസാനിച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കും. ഈ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് ഒരു കോടി രൂപ പ്രഖ്യാപിക്കുകയാണിപ്പോള്‍." കൂടാതെ തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വിജയ് ദേവരകൊണ്ട പറയുന്നു. ഇതുകൂടാതെയാണ് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതി. ഫൌണ്ടേഷന്‍ ഇതിലേക്ക് 25 ലക്ഷമാണ് നീക്കിവച്ചിരിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്കും സഹായം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്കും വെബ്സൈറ്റ് വഴി ബന്ധപ്പെടാം. രണ്ടായിരം കുടുംബങ്ങളില്‍ സഹായം എത്തണമെന്നാണ് ആഗ്രഹമെന്നും വിജയ് ദേവരകൊണ്ട പറയുന്നു. ആന്ധ്രയിലും തെലുങ്കാനയിലുമാണ് ആദ്യ ഘട്ടത്തില്‍ സഹായമെന്നും മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ വൈകാതെ തീരുമാനം അറിയിക്കുമെന്നും ദേവരകൊണ്ട പറയുന്നു. 

Follow Us:
Download App:
  • android
  • ios