'ഹായ് നാനാ' സംവിധായകൻ ശൗരുവ് ഒരുക്കുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ഗ്ലോബൽ പ്രോജക്റ്റിന് ഹൈദരാബാദിൽ തുടക്കമായി

തെലുങ്ക് സിനിമയിലെ ശ്രദ്ധേയ യുവതാരം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ വമ്പൻ ഗ്ലോബൽ പ്രോജക്റ്റിന്‍റെ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു.

ചിത്രത്തിന്റെ സാങ്കേതിക ടീമിനെ പരിചയപ്പെടുത്തിയ അന്നൗൻസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഹോളിവുഡ് പ്രോജക്ടുകളായ “ഹൗസ് ഓഫ് ദ ഡ്രാഗൺ”, “ഫോൾഔട്ട്” എന്നിവയിൽ പ്രവർത്തിച്ച അലേഹാൻഡ്രോ മാർട്ടിനെസ് ആണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. “ഗോഡ്സ് ഓഫ് ഈജിപ്റ്റ്”, “ബാറ്റ്മാൻ ഫോറെവർ”, “സ്നോപ്പിയേഴ്സർ” എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച എറിക് ഡർസ്റ്റ് വിഎഫ്എക്സ് സൂപ്പർവൈസറായി എത്തുന്നു. “അനിമൽ”, “ഓം ശാന്തി ഓം” തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സുരേഷ് സെൽവരാജൻ പ്രൊഡക്ഷൻ ഡിസൈനറാണ്. സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് ആണ്. കൂടാതെ കോസ്റ്റ്യൂം ഡിസൈനറായി സച്ചിൻ ലോവലെക്കർ, എഡിറ്ററായി പ്രവീൺ ആന്റണി എന്നിവരും ടീമിന്റെ ഭാഗമാണ്.

പുരാണ പശ്ചാത്തലത്തിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുന്ന തരത്തിൽ ഒരുങ്ങുന്ന ഈ ചിത്രം, ദൃശ്യവിസ്മയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്നിക്കൽ മികവും ചേർന്ന് പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം നൽകുമെന്നാണ് പ്രതീക്ഷ. “വാരണാസി”, “രാക്ക” പോലുള്ള സിനിമകൾ ഇന്ത്യൻ സിനിമയെ ഗ്ലോബൽ തലത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതുപോലെ, വിജയ് ദേവരകൊണ്ട – ശൗരു കൂട്ടുകെട്ടും അതേ ദിശയിൽ വലിയൊരു കാൽവയ്പ്പാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കെ, സിനിമാ പ്രേമികൾ ഇതിനകം തന്നെ വലിയ പ്രതീക്ഷയോടെ ഈ പ്രോജക്ടിനായി കാത്തിരിക്കുകയാണ്.പി ആർ ഒ : പ്രതീഷ് ശേഖർ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News