മാഡിസണ്‍ അവന്യുവില്‍ 17 നാണ് പരിപാടി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന 43-ാമത് ഇന്ത്യാ ദിന പരേഡ് നയിക്കാന്‍ ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. മാഡിസണ്‍ അവന്യുവില്‍ 17 ന് നടക്കുന്ന പരിപാടിയില്‍ സഹ ഗ്രാന്‍ഡ് മാര്‍ഷല്‍മാരായാണ് ഇരുവരും അണിചേരുക. സര്‍വ്വ ഭവന്തു സുഖിനാ (എല്ലാവരും സന്തോഷമായി ഇരിക്കട്ടെ) എന്നതാണ് പരിപാടിയുടെ ഇത്തവണത്തെ ടാല് ഗൈന്‍. ആഗോള തലത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷാവസ്ഥകള്‍ക്കിടയില്‍ സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് തങ്ങള്‍ ഇതിലൂടെ ലക്ഷ്യമാക്കിയതെന്ന് സംഘാടകര്‍ പറയുന്നു. വാണിജ്യപരമായ സ്വാധീനങ്ങള്‍ ഇല്ലാത്തതും ഒരു സമൂഹം അഭിമാനബോധത്തോടെ പങ്കെടുക്കുന്നതുമായ പരിപാടിയാണ് ഇതെന്ന് സംഘാടകരായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് പ്രസിഡന്‍റ് സൗരിന്‍ പരീഖ് പറഞ്ഞു.
ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ വച്ചാണ് 43-ാം വാര്‍ഷികത്തിന്‍റെ കാര്യപരിപാടികള്‍ പ്രഖ്യാപിച്ചത്. സംഘടനയുടെ ഒരു ദശാബ്ദകാലത്തെ സേവനങ്ങളെ ചടങ്ങില്‍ പങ്കെടുത്ത ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ ബിനയ എസ് പ്രധാന്‍ പ്രശംസിച്ചു. അമേരിക്കയില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ സംഘടന വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. 1981 ല്‍ ഒരു ഫ്ലോട്ടുമായി തുടങ്ങിയ പരിപാടി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യാ ദിന ആഘോഷങ്ങളില്‍ ഒന്നാണ്. 1970 ല്‍ സ്ഥാപിതമായ സംഘടനയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്. ഇന്ത്യന്‍ സംസ്കാരത്തെയും സാമൂഹികമായ ഇടപെടലുകളെയും ഇന്ത്യ-യുഎസ് ബന്ധത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍.
ഓഗസ്റ്റ് 15 നാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. അന്ന് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് ത്രിവര്‍ണ്ണ നിറങ്ങളില്‍ തിളങ്ങും. 16-ാം തീയതി ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. പരേഡിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരവും നടക്കും. 17 ന് ഉച്ചയ്ക്ക് 12 ന് മാഡിസണ്‍ അവന്യുവിലാണ് പരേഡിന് തുടക്കമാവുക. ഇസ്കോണ്‍ ന്യൂയോര്‍ക്ക് നടത്തുന്ന രഥയാത്രയും ഇതോടൊപ്പം നടക്കും. സിപ്രിയാനി വാള്‍ സ്ട്രീറ്റില്‍ നടക്കുന്ന പരിപാടിയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റിനെ അമേരിക്കയിലെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരിപാടിയുടെ മുഖ്യ പ്രായോജകരായ ക്രിക്മാക്സ് കണക്റ്റ് അറിയിച്ചു. ന്യൂയോര്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആഘോഷ പരിപാടിയായി ഇതിനെ മാറ്റാനാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ആഗ്രഹിക്കുന്നത്.

