വിജയ് ദേവെരകൊണ്ട നായകനായ പരാജയ ചിത്രത്തിന്റെ വിതരണക്കാരാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. 

വിജയ് ദേവെരകൊണ്ടയുടെ പുതിയ ചിത്രം 'ഖുഷി' വമ്പൻ വിജയമായിരിക്കുകയാണ്. ഒരിടവേള കഴിഞ്ഞ് വമ്പൻ തിരിച്ചു വരവ് നടത്താനായതിന്റെ സന്തോഷത്തിലാണ് വിജയ് ദേവെരകൊണ്ട. അതിനാല്‍ 100 കുടുംബങ്ങള്‍ക്കായി 100 കോടി രൂപ നല്‍കുമെന്ന് വിജയ് ദേവെരകൊണ്ട പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഒരു വമ്പൻ പരാജയ ചിത്രത്തിന്റെ വിതരണക്കാര്‍ വിജയ് ദേവെരകൊണ്ടയോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഒരു ലക്ഷം രൂപ വീതം താരം നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സഹായം ആവശ്യമുള്ളവരെ കണ്ടെത്താൻ താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്‍തിരുന്നു. കോളേജ് ഫീസ്, വാടക, ലോണ്‍ തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാനായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരെ കണ്ടെത്താനായിരുന്നു വിജയ് ദേവെരകൊണ്ട ആവശ്യപ്പെട്ടത്. അതിനിടെയിലാണ് 'വേള്‍ഡ് ഫേമസ് ലവറെ'ന്ന ചിത്രത്തിന്റെ വിതരണക്കാര്‍ വിജയ് ദേവെരകൊണ്ടയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയ് ദേവെരകൊണ്ട നായകനായി വേഷമിട്ട ചിത്രം 'വേള്‍ഡ് ഫേമസ് ലവര്‍' വൻ പരാജയമായിരുന്നു. നഷ്‍ടം പരിഹരിക്കാൻ വിജയ് സഹായിക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ വിതരണക്കാര്‍ സാമൂഹ്യ മാധ്യമത്തില്‍ എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട വിജയ് ദേവെരകൊണ്ട, എട്ട് കോടി രൂപയാണ് നഷ്‍ടമാണ് ഉണ്ടായിരിക്കുന്നത് എന്ന ആമുഖത്തോടെയാണ് 'വേള്‍ഡ് ഫേമസ് ലവറി'ന്റെ വിതരണക്കാരായ അഭിഷേക് പിക്ചേഴ്‍സ് കത്ത് എഴുതിയിരിക്കുന്നത്. ഞങ്ങളുടെ നഷ്‍ടത്തില്‍ ആരും പ്രതികരിച്ചില്ല. 100 കുടുംബങ്ങള്‍ക്ക് താങ്കള്‍ ഒരു കോടി രൂപ നല്‍കുന്നത് ഹൃദയ വിശാലതകൊണ്ടാണ്. വിതരണക്കാരുടെ കുടുംബത്തെയും സഹായിക്കണം എന്നും താരത്തിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിജയ് ദേവെരകൊണ് കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ക്രാന്തി മാധവാണ് ചിത്രത്തിന്റെ സംവിധാനം. 'വേള്‍ഡ് ഫേമസ് ലവര്‍' എന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ്, റാഷി ഖന്ന, കാതറിൻ ട്രേസ തുടങ്ങിയവരും വേഷമിട്ടു. ജയ കൃഷ്‍ണ ഗുമ്മഡിയായിരുന്നു ഛായാഗ്രാഹണം. ഗോപി സുന്ദറായിരുന്നു സംഗീത സംവിധാനം.

Read More: പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക