കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മാസ്റ്റര്‍. വന്‍ ആരാധകവൃന്ദമുള്ള വിജയ് നായകനാവുന്നു എന്നതു മാത്രമായിരുന്നില്ല അതിനു കാരണം, മറിച്ച് കൈതിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ടുകൂടിയായിരുന്നു അത്. ഇതിനൊക്കെ പുറമെ വിജയ്‍ക്കൊപ്പം വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും. പക്ഷേ മറ്റെല്ലാ ചിത്രങ്ങളെയും പോലെ മാസ്റ്ററിന്‍റെ റിലീസിംഗും കൊവിഡ് കാരണം താളംതെറ്റി. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. തീയേറ്ററുകള്‍ ഇനി എന്നു സജീവമാകും എന്നത് അനിശ്ചിതമായി തുടരുമ്പോള്‍ മാസ്റ്റര്‍ റിലീസ് അടുത്ത വര്‍ഷത്തേക്കു മാറ്റുമോ? 

രജനീകാന്തിന്‍റെ ശിവ ചിത്രം അണ്ണാത്തെ അടുത്ത വര്‍ഷം പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം ഇന്നലെ എത്തിയിരുന്നു. എന്നാല്‍ മാസ്റ്റര്‍ ഈ വര്‍ഷം തന്നെ തീയേറ്ററുകളില്‍ എത്തുമെന്നാണ് ആരാധകര്‍ക്കിടയിലെ പ്രചരണം. ഈ വര്‍ഷത്തെ ദീപാവലി റിലീസ് ആയിട്ടായിരിക്കും ചിത്രമെത്തുക എന്നും അനൗദ്യോഗിക വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ രണ്ട് റിലീസ് തീയ്യതികളാണ് അണിയറക്കാര്‍ ആലോചിക്കുന്നതെന്നും ദീപാവലിയും (നവംബര്‍ 13) വിജയദശമിയുമാണ് (ഒക്ടോബര്‍ 22) അവയെന്നും ബിഹൈന്‍ഡ്‍വുഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള റിലീസ് ആയതിനാല്‍ ലോകമാകമാനം തീയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വന്നാല്‍ മാത്രമേ റിലീസ് തീയ്യതിയില്‍ അന്തിമ തീരുമാനം എടുക്കൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ലോക്ക് ഡൗണ്‍ കാലയളവില്‍ മുടങ്ങിക്കിടന്നിരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികള്‍ ഇന്നലെ പുനരാരംഭിച്ചിരുന്നു. മാസ്റ്റര്‍, ഇന്ത്യന്‍ 2 ഉള്‍പ്പെടെ 13 തമിഴ് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുനരാരംഭിച്ചിരിക്കുന്നത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയായിരുന്നു.