ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയടക്കമുള്ള കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തുമ്പോള്‍ അതിനായുള്ള മുന്നൊരുക്കങ്ങളിലാണ് കേരളവും. പുതിയ വൈറസ് ലോകത്ത് പടരുന്നുവെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ കേരളത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ടിവരുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചിരുന്നു. കടകളിലും ആളുകള്‍ കൂടുന്ന മറ്റു സ്ഥലങ്ങളിലും കര്‍ശന ജാഗ്രത വേണമെന്നും പുതിയ വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെത്തുടര്‍ന്ന് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പത്ത് മാസത്തോളമായി പൂട്ടിക്കിടക്കുന്ന തീയേറ്ററുകള്‍ ഇനിയെങ്കിലും തുറക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ആവശ്യം മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെ ഉന്നയിച്ചിരിക്കുകയാണ് ഒരു സംഘം വിജയ് ആരാധകര്‍.

 

കൊവിഡ് മൂലം റിലീസ് നീണ്ട വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ റിലീസ് തീയ്യതി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജനുവരി 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. തമിഴ്നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലെയും തീയേറ്ററുകള്‍ നേരത്തെ തുറന്നിരുന്നു. മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ പ്രിയതാരത്തിന്‍റെ പുതിയ ചിത്രം തീയേറ്ററുകളില്‍ കാണാനാവില്ലെന്നതാണ് വിജയ് ആരാധകരെ നിരാശരാക്കുന്നത്. തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം ഉണ്ടാവുന്നപക്ഷം താങ്കളുടെ പാര്‍ട്ടി ഇനി തോല്‍ക്കില്ലെന്നും വിജയ് ആരാധകര്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നുമാണ് ചില ആരാധകരുടെ 'വാഗ്‍ദാനം'. കൊവിഡ് സാഹചര്യത്തില്‍ തമിഴ്‍നാട്ടില്‍ പോയി ചിത്രം കാണാനാവാത്ത സ്ഥിതിയാണെന്നും അതിനാല്‍ തീയേറ്റര്‍ തുറന്നുതരണമെന്നുമാണ് മറ്റൊരു ആരാധകന്‍റെ വാക്കുകള്‍. ബാറുകള്‍ അടക്കം തുറന്ന സാഹചര്യത്തില്‍ തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം എന്തിനെന്ന് ചോദിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പാക്കാനാവില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

 

അതേസമയം കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആയിരിക്കും 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് നീണ്ട സാഹചര്യത്തില്‍ ഒടിടി റിലീസിന് സമ്മര്‍ദ്ദമുണ്ടായെങ്കിലും തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിര്‍മ്മാതാവ് ഉറച്ചുനില്‍ക്കുകയായിരുന്നു. 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലെത്തുന്ന ഹിന്ദി മൊഴിമാറ്റ പതിപ്പിനും വന്‍ റിലീസ് ആണ് വിതരണക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. അതേസമയം ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നു. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.