ശിവകാര്‍ത്തികേയന്‍ നായകനായ 'പരാശക്തി'ക്ക് നേരെ ഒരു കൂട്ടം വിജയ് ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുന്നതായി ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടർ ദേവ് രാംനാഥ് 

ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രം പരാശക്തിക്ക് ഒരു കൂട്ടം വിജയ് ആരാധകരില്‍ നിന്നും നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണമെന്ന് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറും നടനുമായ ദേവ് രാംനാഥ്. ഇത് ഒരു സാധാരണ മത്സരമല്ലെന്നും സിനിമയെത്തന്നെ തകര്‍ക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയാണ് ദേവ് രാംനാഥിന്‍റെ വിമര്‍ശനം. “നിങ്ങളുടെ ചിത്രത്തിനൊപ്പമാണ് റിലീസ് ചെയ്യുന്നത് എന്നത് ഞങ്ങളുടെ ചിത്രത്തെ തകര്‍ക്കാനുള്ള ലൈസന്‍സ് നിങ്ങള്‍ക്ക് നല്‍കുന്നില്ല. ഞങ്ങളാണ് ആദ്യം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. എന്നിട്ട് നിങ്ങളുടെ ചിത്രത്തെ തടയാന്‍ ഞങ്ങള്‍ ശ്രമിച്ചോ? ഒരിക്കലുമില്ല”, ദേവ് രാംനാഥ് പറയുന്നു.

ആരോപണവുമായി ദേവ് രാംനാഥ്

റിലീസിന് മുന്‍പ് പരാശക്തിക്ക് നേരിടേണ്ടിവന്ന പ്രതിബന്ധങ്ങളെക്കുറിച്ചും ദേവ് രാംനാഥ് പറഞ്ഞു- “ഓരോ ദിവസവും സിബിഎഫ്സി ഓഫീസില്‍ കയറി ഇറങ്ങുകയായിരുന്നു ഞാന്‍, ചെന്നൈയിലും മുംബൈയിലുമായി. തടസങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി. റിലീസിന് മുന്നോടിയായി വെറും 18 മണിക്കൂര്‍ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. വിജയ് ആരാധകരില്‍ ചിലരില്‍ നിന്ന് നേരിടുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു- പല കാര്യങ്ങളും നടക്കുന്നുണ്ട്. നെ​ഗറ്റീവ് റിവ്യൂസ് ആണ് ഒന്ന്. പിന്നെ പഴയ വീഡിയോകള്‍ ഉപയോ​ഗിച്ച് ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. തിയറ്ററുകളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ബുക്ക് മൈ ഷോയിലെ റേറ്റിം​ഗിനെപ്പോലും തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. ഇതല്ല മത്സരം. കഴിഞ്ഞ വര്‍ഷം മറ്റൊരു വലിയ ചിത്രത്തോടും നിങ്ങള്‍ ഇതു തന്നെയാണ് ചെയ്തത്. ഒരു ചലച്ചിത്ര പ്രേമി എന്ന നിലയില്‍ പറയാം, ഇത് നമ്മള്‍ ആര്‍ക്കും നല്ലതല്ല. നാം തമിഴര്‍ക്ക് അഭിമാനിക്കാന്‍ വകയുള്ള ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തെക്കുറിച്ചാണ് പരാശക്തി. ആ വിദ്യാര്‍ഥികള്‍ ചെയ്തതുപോലെ ഇതിനെതിരെ നമ്മളും പോരാടും”, ദേവ് രാംനാഥ് കുറിച്ചു.

ഈ ശനിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം 12.5 കോടി (നെറ്റ്) നേടിയ ചിത്രം രണ്ടാം ദിനം 10.1 കോടി നേടിയിരുന്നു. എന്നാല്‍ മണ്‍ഡേ ടെസ്റ്റില്‍ ചിത്രത്തിന് കാര്യമായി പരിക്കേറ്റിരുന്നു. 3 കോടി മാത്രമാണ് മൂന്നാം ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി പിന്നിട്ടതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. വരും ദിനങ്ങളില്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് പ്രകടനം എത്തരത്തിലെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Rahul Mamkootathil | Asianet News Live | Malayalam Live News | Breaking News l Kerala News Updates